പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും; തടവും പിഴയും മനപൂർവമായ നരഹത്യക്ക്
സ്വന്തം ലേഖകൻ
ഒറ്റപ്പാലം : പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ.കോട്ടൂര്‍ മോഡല്‍ സ്കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് വിധി. ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
2020 ജനുവരി 30ന് തൃത്താല ഒതളൂര്‍ പറക്കുളം റോഡിലായിരുന്നു അപകടം.രേഷ്മ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ രേഷ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറി ഡ്രൈവര്‍ നൗഷാദിനെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് തൃത്താല പൊലീസ് കേസെടുത്തു. മുൻ എസ്ഐ എസ്.അനീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഹരി ഹാജരായി. മനപൂര്‍വമായ നരഹത്യയെന്ന പ്രോസിക്യൂഷന്റെ വാദം ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.സൈതലവി ശരി വയ്ക്കുകയായിരുന്നു. മനപൂർവമായ നരഹത്യക്കാണ് തടവും പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.