പ്രണയം നിരസിച്ചതിൻ്റെ പേരിൽ സൂര്യഗായത്രിയെ കുത്തിക്കൊന്നത് മാതാപിതാക്കളുടെ മുൻപിൽവെച്ച്;പ്രതി അരുൺ കുറ്റക്കാരൻ;ശിക്ഷ വിധി നാളെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, വീട് അതിക്രമിച്ചുകയറല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.
ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന്
ഉച്ചക്ക് രണ്ടോടെ നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചിരുന്നു. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ മാതാപിതാക്കള്‍. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ മാതാപിതാക്കള്‍. കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍ സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് മാതാവ് വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അവരെയും അരുണ്‍ കുത്തി. സൂര്യയുടെ തലമുതല്‍ കാലുവരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ആക്രമണം തുടര്‍ന്നു. പിതാവിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ അരുണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ വീടിന്‍റെ ടെറസിനു മുകളില്‍ ഒളിക്കാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ധീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്.