play-sharp-fill
ബംഗളൂരിവിലെ മലയാളി നഴ്‌സിന്റെ മരണം: ഭർത്താവിന്റെ റിമാൻഡ് കാലാവധി നീട്ടി

ബംഗളൂരിവിലെ മലയാളി നഴ്‌സിന്റെ മരണം: ഭർത്താവിന്റെ റിമാൻഡ് കാലാവധി നീട്ടി

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്തു നിന്നും ബംഗളൂരിവിലേയ്ക്ക് ഭർത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ച എറണാകുളം മട്ടാഞ്ചേരി സ്വദേശിനി ആൻലിയയുടെ ദുരൂഹ മരണത്തിലെ പ്രതിയായ ഭർത്താവ്  വി എം ജസ്റ്റിന്റെ റിമാൻഡ് കാലാവധി പൊലീസ് വീണ്ടും നീട്ടി. കോടതിയിൽ ഹാജരാക്കിയ ശേഷം ജസ്റ്റിനെ വീണ്ടും ജയിലിലേയ്ക്ക് മടക്കിക്കൊണ്ടു പോയി. 
പ്രതി പുറത്തിറങ്ങുന്നത് തെളിവുകൾ ഇല്ലാതാക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി റിമാൻഡ് കാലാവധി നീട്ടിയത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം എന്നിവയാണ് പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
മകളുടെ മരണത്തിൽ ഭർതൃവീട്ടുകാരുടെ നീക്കങ്ങളിൽ സംശയമുണ്ടെന്നും മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആൻലിയയുടെ പിതാവ് നസ്രോത്ത് പാറയ്ക്കൽ ഹൈജിനസ് ആണ് തൃശൂർ സിറ്റി കമ്മീണർക്ക് പരാതി നൽകിയത്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂർ ലോക്കൽ പൊലീസിന്റെ നടപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് (അജി പാറയ്ക്കൽ) മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ നടപടി. 
ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയത്. ഇതറിഞ്ഞാണ് ആൻലിയയുടെ ഭർത്താവ് തൃശൂർ മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമം പാളി. ഇയാൾ ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. 
ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയതോടെ താൻ മാത്രമല്ല കുടുംബാംഗങ്ങളായ നാലുപേരും ഇവർക്കൊപ്പമുള്ള ഒരു സഹവികാരിയും കേസിൽ അകപ്പെടുമെന്നുള്ള ഭീതിയിൽ അന്വേഷണം വഴിതിരിക്കാനാണ് ജസ്റ്റിൻ സ്വയം കീഴടങ്ങിയതെന്നാണ് ഹൈജിനസ് അഭിപ്രായപ്പെടുന്നത്. ക്രൈംബ്രാഞ്ചിന് കേസന്വേഷണം മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മകളുടെ മരണം ആത്മഹത്യയാക്കാനാണ് ഭർത്താവും ബന്ധുക്കളും ശ്രമിച്ചത്. മകളുടെ ദുരൂഹമരണത്തിൽ ജസ്റ്റിൻ മാത്രമല്ല, അയാളുടെ മാതാപിതാക്കളും സഹോദരനും ഭാര്യയും വികാരിയും കുറ്റക്കാരാണെന്ന് ഹൈജിനസ് ആരോപിച്ചു. അവർക്കെതിരേയുള്ള തെളിവുകൾ പോലീസ് നൽകിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് നീതിയുക്തമായി അന്വേഷിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയും പ്രാർത്ഥനയുമെന്ന് ഹൈജിനസും സഹോദരൻ ഷിനിൽ ജോൺസണും പറഞ്ഞു. ട്രെയിനിൽനിന്നു ചാടി ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് ലോക്കൽ പോലീസ് കേസന്വേഷിച്ചത്. ലോക്കൽ പോലീസിൽ നിന്നു നീതിലഭിക്കാതെവന്നപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിനു വിട്ടത്. മകളുടെ മരണം ആത്മഹത്യയാക്കി മാറ്റി ജസ്റ്റിനും കൂട്ടരും രക്ഷപെടും എന്നു മനസിലാക്കിയപ്പോഴാണു മുഖ്യമന്ത്രിയെ കണ്ട് തെളിവുകളും സങ്കട ഹർജിയും നൽകിയത്. മാധ്യമങ്ങളിൽ വാർത്ത വരികയും മുഖ്യമന്ത്രി ഇടപെടുകയും ചെയ്തതോടെ കേസ് അന്വേഷണം ്രൈകംബ്രാഞ്ചിനു മുന്നിലെത്തിയിട്ടുണ്ട്. തൊട്ടു പിന്നാലെ ജസ്റ്റിൻ കോടതിയിൽ കീഴടങ്ങി.