അഞ്ച് പേരിലൂടെ ശ്യാമള ഇനിയും ജീവിക്കും…! മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ സ്വദേശിനിയുടെ അവയവങ്ങൾ ദാനം ചെയ്തു; ശ്യാമളയുടെ ഹൃദയം ഇനി ഇടിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയിൽ

അഞ്ച് പേരിലൂടെ ശ്യാമള ഇനിയും ജീവിക്കും…! മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ സ്വദേശിനിയുടെ അവയവങ്ങൾ ദാനം ചെയ്തു; ശ്യാമളയുടെ ഹൃദയം ഇനി ഇടിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയിൽ

സ്വന്തം ലേഖിക

തൃപ്പൂണിത്തുറ: എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ ചക്കംകുളങ്ങര സമൂഹമഠം സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ 35കാരന് പുതുജീവിതത്തിലേക്ക് വഴിതുറന്നു.

ശ്യാമളയുടെ കണ്ണുകള്‍ എറണാകുളം ഗിരിധര്‍ ആശുപത്രിയിലേക്കും വൃക്കകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കംകുളങ്ങര സമൂഹമഠത്തില്‍ പരേതനായ കല്യാണരാമന്റെയും രാധാലക്ഷ്മിയുടെയും ആറാമത്തെ മകളായ ശ്യാമളയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് സുരേഷും മകന്‍ സുബ്രഹ്മണ്യനും അവയവദാനത്തിനു സന്നദ്ധത അറിയിക്കുകയായിരുന്നു.

തൃപ്പൂണിത്തുറയിലെ അക്ഷയ കാറ്ററിംഗ് ഉടമ കൃഷ്ണയ്യരുടെ ഭാര്യാ സഹോദരിയായ ശ്യാമള കുടുംബസമേതം മുംബയ് കല്യാണിലാണ് താമസം.

നാലു വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ചങ്ങനാശേരി സ്വദേശി. ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.
ശ്യാമളയുടെ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു.