play-sharp-fill
പാർലമെൻ്റിൽ കറുപ്പണിഞ്ഞെത്തി പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം;പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ ‘സർപ്രൈസ് എൻട്രി’

പാർലമെൻ്റിൽ കറുപ്പണിഞ്ഞെത്തി പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം;പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ ‘സർപ്രൈസ് എൻട്രി’

സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസിൻ്റെ ‘സർപ്രൈസ് എൻട്രി’. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂൺ ബാനർജിയും ജവഹർ സിർക്കറും പങ്കെടുത്തു. 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞെത്തി. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർക്കുപുറമേ തൃണമൂൽ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും ‘കറുപ്പ്’ പ്രതിഷേധത്തിൽ പങ്കുചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്ന് ഒരു മിനിറ്റ് പോലും ചേരാതെ ചേർന്നയുടൻ നിർത്തിവച്ചു. സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാർഡുയർത്തിയാണ് പ്രതിഷേധിച്ചത്. സോണിയ ഗാന്ധി അടക്കമുള്ളവർ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി. പ്രതിപക്ഷ എംപിമാർ കറുപ്പണിഞ്ഞ് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. യൂത്ത് കോൺഗ്രസ് ഉടൻ പാർലമെൻ്റ് മാർച്ച് നടത്തും. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രവർത്തകർ എത്തുന്ന വാഹനങ്ങൾ തടയുന്നതായി അധ്യക്ഷൻ വി.ശ്രീനിവാസ് പറഞ്ഞു.