ചാക്കോച്ചന്‍റെ കൈപിടിക്കാന്‍ ഇനി ചാച്ചമ്മയില്ല..! ദേശീയ-അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടിയ ജയരാജിന്‍റെ കരുണം സിനിമയില്‍ ചാച്ചമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഏലിയാമ്മച്ചി ഇനി ഓര്‍മ; വിടവാങ്ങിയത് നൂറാം വയസിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

നീലേശ്വരം: എല്ലാമുണ്ടായിട്ടും വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അമ്മമനസിന്‍റെ സങ്കടങ്ങള്‍ കൃത്രിമത്വമേതുമില്ലാതെ അഭ്രപാളിയില്‍ അവതരിപ്പിച്ച ഏലിയാമ്മച്ചി ഇനി ഓര്‍മ.

ദേശീയ-അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടിയ ജയരാജിന്‍റെ കരുണം സിനിമയില്‍ ചാച്ചമ്മയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നീലേശ്വരം കുന്നുംകൈയിലെ ഏലിയാമ്മ നൂറാം വയസിലാണ് ഇന്നലെ വിടവാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളും പേരക്കിടാങ്ങളും വിദേശങ്ങളില്‍ സ്ഥിരതാമസമുറപ്പിക്കുമ്പോള്‍ വലിയ വീടുകള്‍ക്കു കാവല്‍ക്കാരായി കഴിയേണ്ടിവരുന്ന അപ്പനമ്മമാരുടെ ആത്മസംഘര്‍ഷങ്ങള്‍ കാല്‍നൂറ്റാണ്ടോളം മുൻപേ ചിത്രീകരിച്ച സിനിമയാണു കരുണം. സിനിമയില്‍ കൊച്ചുവേലിപ്പറമ്പില്‍ ചാക്കോച്ചനായി വേഷമിട്ട വാവച്ചനും ഭാര്യ ചേച്ചമ്മയായെത്തിയ ഏലിയാമ്മയും മലയാളിമനസിന് ഒത്തിരി നൊമ്പരവും ഏറെ ചിന്തകളും സമ്മാനിച്ചിരുന്നു.

കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കതയും വാര്‍ധക്യത്തിന്‍റെ അനാഥത്വവും നിറഞ്ഞ കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കാന്‍ പ്രഫഷണല്‍ ടച്ചില്ലാത്ത സാധാരണക്കാര്‍ വേണമെന്ന ജയരാജിന്‍റെ ആഗ്രഹമാണു വാവച്ചനെയും ഏലിയാമ്മയെയും ജീവിതസായാഹ്നത്തില്‍ സിനിമയിലെത്തിച്ചത്.

അമേരിക്കയില്‍നിന്നു മകനും ഭാര്യയും പേരമക്കളും വരുന്നതിനാല്‍ ചക്ക മുറിച്ച്‌ ചുള പറിച്ചുവച്ച്‌ കാത്തിരിക്കുന്ന അപ്പനമ്മമാര്‍. പക്ഷേ നയാഗ്രയിലേക്ക് ഒരു ഫ്രീ ട്രിപ്പ് കിട്ടിയതിനാല്‍ നാട്ടിലേക്കുള്ള യാത്ര അവസാനനിമിഷം മാറ്റിവച്ച്‌ പകരം പേരക്കുട്ടികളുടെ ശബ്ദം കാസറ്റില്‍ റിക്കാര്‍ഡ് ചെയ്ത് വീട്ടിലേക്കു കൊടുത്തയയ്ക്കുന്ന മകന്‍.

ഒടുവില്‍ വൃദ്ധസദനത്തില്‍ വച്ച്‌ ചാക്കോച്ചന്‍ മരിച്ചപ്പോള്‍ ഇനിയാരെയും കാത്തുനില്‍ക്കാനില്ലാതെ ചെറിയൊരു മാറാപ്പുമായി ഇറങ്ങി കപ്പേളയില്‍ മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ഥിക്കുന്ന ചാച്ചമ്മ.

ഏലിയാമ്മച്ചേടത്തിയുടെ മകള്‍ റോസമ്മയെ കെട്ടിച്ചയച്ചത് കോട്ടയം കഞ്ഞിക്കുഴിയിലായിരുന്നു. ചട്ടയും മുണ്ടും ധരിച്ച്‌ തന്‍റെ വീടിനു സമീപത്തുകൂടി നടന്നുപോകുന്ന ഏലിയാമ്മച്ചേടത്തിയെ കണ്ടപ്പോള്‍ ജയരാജിനു ചാച്ചമ്മയുടെ റോള്‍ ചെയ്യാന്‍ ഇവര്‍ ശരിക്കും അനുയോജ്യയായിരിക്കുമെന്നു തോന്നി.

അങ്ങനെയാണ് റോസമ്മയുടെ വീട്ടിലേക്ക് ആളെവിട്ട് സിനിമയിലേക്കുള്ള ഓഫര്‍ മുന്നില്‍വച്ചത്. തനിക്ക് അഭിനയിക്കാനൊന്നും മേലെന്നും സാറ് പറയുന്നതുപോലെ ചെയ്യാമെന്നുമായിരുന്നു ഏലിയാമ്മച്ചേടത്തിയുടെ മറുപടി. അതുതന്നെയാണു തനിക്കു വേണ്ടതെന്നു ജയരാജും പറഞ്ഞു.