സ്വന്തം ലേഖിക
ഇടുക്കി: ജനവാസ മേഖലകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം എം മണി.
11 പേരെ കൊന്ന വല്യ പിടിപാടുള്ള കക്ഷിയാണെന്ന് അരിക്കൊമ്പന്റെ ചിത്രത്തോടൊപ്പം എം എം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തമായി വക്കീലുള്ള ആളാണെന്നും. കക്ഷിയോടുള്ള ബഹുമാനം കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീല്‍ ഫീസ് ചോദിക്കാന്‍ വരാറില്ലെന്നും മുന്‍ മന്ത്രി പരിഹാസ രൂപേണെ തുടര്‍ന്നു.
കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ഓപ്പറേഷന്‍ അരിക്കൊമ്പന്‍ മാര്‍ച്ച് 29 വരെ കോടതി സ്റ്റേ ചെയ്തതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു എം എം മണിയുടെ പോസ്റ്റ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്‍ജി 29 നു വീണ്ടും പരിഗണിക്കുന്നത് വരെ ചിന്നക്കനാല്‍ കോളനിയിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും ആനയെ പിടികൂടുന്നത് മാത്രമല്ലാതെ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാനും കോടതി നിര്‍ദേശിച്ചു.