
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനന്തപുരിയിലെങ്ങും ദേവീ മന്ത്ര ധ്വനികളാണ്. പൊങ്കാലക്ക് മുന്‍പ് ദേവിയെ കണ്ടുവണങ്ങാനെത്തിയ ഭക്തജനത്തിരക്കില്‍ ക്ഷേത്രവും പരിസരവും രാത്രി തന്നെ നിറഞ്ഞു കവിഞ്ഞു. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ലക്ഷോപലക്ഷം ഭക്തര്‍ ഇന്ന് ആറ്റുകാലമ്മയുടെ തിരു സന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകും.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇത്തവണ പൊങ്കാലയിടാന്‍ നഗരത്തിലെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 10.30 നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി കേശവന്‍ നമ്പൂതിരിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പില്‍ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തര്‍ തയാറാക്കിയ നിവേദ്യങ്ങളിലും തീര്‍ഥം പകരും.
പൊങ്കാല നിവേദ്യത്തിനു മുന്‍പ് ഇക്കുറിയും ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുവേണ്ടി ചാക്കയിലെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ വിമാനങ്ങളാണ് പൂക്കള്‍ വിതറുക. നാലുപതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് ‘മഞ്ഞപ്പക്കി’ എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക്-സെസ്‌ന എഫ്.എ.-152 എന്ന വിമാനമാണ്. ഇത്തവണ പൂക്കളിടുന്നത് സെസ്‌ന 172-ആര്‍ എന്ന വിഭാഗത്തിലുള്ള മൂന്നു വിമാനങ്ങളാണ്. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. ഇതിനു തൊട്ടുമുന്‍പായിരിക്കും ക്ഷേത്രവളപ്പിലെ ആകാശത്തും നഗരപരിധിയിലും വിമാനങ്ങളെത്തുക.
പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി മൂവായിരത്തിലേറെ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മൈക്കിലൂടെ പോലീസ് അറിയിപ്പും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.