ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചു; വയനാട് സ്വദേശി അറസ്റ്റിൽ; തെളിവായത് സഹപ്രവർത്തക മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സാധനങ്ങളുടെ വില്പന കുറഞ്ഞതിന്റെ പേരിലും ശമ്പളം ചോദിച്ചതിനും ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച തൊഴിലുടമ അറസ്റ്റിൽ. നെയ്യാറ്റിന്‍കരയിലെ എസ്ബിടിസി എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് സ്ഥാപന ഉടമ മര്‍ദിച്ചത്. ജീവനക്കാരിയുടെ പെഴ്സിൽ നിന്നു തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന പരാതിയെത്തുടർന്ന് ഭാര്യക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ഭാര്യ പ്രിൻസിയെ (32) കസ്റ്റഡിയിലെടുത്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് മർദ്ദനമേറ്റത്. തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. സഹപ്രവർത്തക മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.12,000 രൂപ മാസ ശമ്പളത്തിൽ പലജില്ലകളിലുള്ള ഇരുപതോളം പെൺകുട്ടികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഓരോരുത്തർക്കും 80,000 രൂപയോളം അരുൺ നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരിയുടെ പെഴ്സിൽ നിന്നു തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന് പറഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്.
വീടുകളിൽ വാഷിംഗ് സോപ്പ്, ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് തുടങ്ങിയവ വിൽക്കുന്ന ജോലികളാണ് അരുണിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഇരുമ്പിൽ കേന്ദ്രീകരിച്ച് നടത്തുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.