അണയാതെ തീ; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച്‌ നേവി; ബ്രഹ്മപുരത്തെ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം; നഗരത്തിലെ മാലിന്യനീക്കവും സ്തംഭിച്ചു; നട്ടംതിരിഞ്ഞ് അധികൃതരും ജനങ്ങളും

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല.

പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച്‌ നേവിയും തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. ഒന്നര ദിവസത്തിന് ശേഷവും ബ്രഹ്മപുരത്തെ മാലിന്യ മലയിലെ തീ കത്തിപ്പടരുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകള്‍ കെടാത്തതാണ് പ്രതിസന്ധി.

അഗ്നിരക്ഷ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബിപിസിഎല്ലിന്‍റെയും ചേര്‍ത്ത് 25 യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ബ്രഹ്മപുരത്തുണ്ട്. ഒപ്പം നാവിക സേന എഎല്‍എച്ച്‌, സീ കിംഗ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിയ്ക്കുന്നുണ്ട്. 600 ലിറ്റര്‍ വെള്ളമാണ് ഒറ്റത്തവണ ആകാശത്ത് നിന്നൊഴിയ്ക്കുന്നത്.

ഇന്നലെ പകല്‍ കെടുത്തിയ തീ രാത്രി മാലിന്യകൂമ്പാരത്തില്‍ വീണ്ടും ആളിപ്പടര്‍ന്നു. ഇതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതല്‍ തേവര വരെയുള്ള മേഖലകളിലേക്ക് പിന്നെയുമെത്തി. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികള്‍ കയറ്റാനാകാത്തതിനാല്‍ നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും നിന്ന് മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തി.

തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനാണ് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ജില്ലഭരണകൂടം ഇതുസംബന്ധിച്ച്‌ വ്യോമസേനയുമായി ചര്‍ച്ച തുടങ്ങി.