
സുബി സുരേഷിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം; ചേരാനെല്ലൂര്‍ പൊതുശ്മശാനത്തിൽ ചടങ്ങുകള്‍ നടന്നു; അന്ത്യാഞ്ജലി അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും
സ്വന്തം ലേഖിക
കൊച്ചി: സിനിമ – ടെലിവിഷന്‍ താരം സുബി സുരേഷിന് (42) ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
ചേരാനെല്ലൂര്‍ പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ എട്ടു മണിയ്ക്ക് സുബിയുടെ വരാപ്പുഴയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്ന് 10 മണിയ്ക്ക് വരാപ്പുഴ പുത്തന്‍പള്ളി പാരീഷ് ഹാളിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ചേരാനെല്ലൂര്‍ പൊതുശ്മശാനത്തില്‍ എത്തിച്ചത്.
രോഗം മൂര്‍ച്ഛിച്ച് ജനുവരി 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.25ന് മരണം സംഭവിച്ചു. ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. പ്ലാസ്മ തെറാപ്പി ചെയ്തെങ്കിലും ഫലമുണ്ടായില്ല.
വൃക്കയും തകരാറിലായി. ഇത് ഡയാലിസിസിലൂടെ പരിഹരിച്ചപ്പോഴേക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ചൊവ്വാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍ – കോളേജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.