സ്വന്തം ലേഖിക
മാരാമണ്‍: തെളിമയാര്‍ന്ന വെള്ളവും ശാന്തമായ ഒഴുക്കുമാണ് ഏറെപ്പേരെയും പമ്പാ നദിയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ നദിയുടെ സ്ഥിതി ഏറെ അപകടം നിറഞ്ഞതാണ്. ഒട്ടുമിക്ക ഭാഗങ്ങളിലും അടിത്തട്ട് ചെളിനിറഞ്ഞതായതിനാല്‍ വെള്ളക്കുറവ് തോന്നുമെങ്കിലും നദിയിലേക്ക് ഇറങ്ങുന്നവര്‍ താഴ്ന്നുപോകാനുള്ള സാധ്യത ഏറെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം മാരാമണ്ണില്‍ മൂന്ന് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടത് സമാന സാഹചര്യത്തിലാണ്. ഇതിനു മുൻപും നിരവധിയാളുകളാണ് പമ്പയില്‍ മുങ്ങിത്താഴ്ന്നത്.
പമ്പാനദിയില്‍ ഏറെ പ്രാധാന്യമുള്ള ഭാഗത്താണ് അപകടം നടന്നത്. ആറന്മുള ജലോത്സവത്തിന്‍റെ സ്റ്റാര്‍ട്ടിംഗ് പോയിന്‍റാണ് മാരാമണ്‍ കണ്‍വന്‍ഷനു താഴെയുള്ള പരപ്പുഴ കടവ്.
ഈ ഭാഗത്ത് നദിയില്‍ അടിയൊഴുക്ക് ശക്തമാണ്. മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനോടു ചേര്‍ന്നു കല്‍ക്കെട്ട് വന്നതോടെ നദി ഒരു വശം ചേര്‍ന്നാണ് വേനല്‍ക്കാലത്ത് ഒഴുകുന്നത്.
കോഴഞ്ചേരി പാലത്തിനു മുകളിലുള്ള തടയണയും പിന്നാലെ പുതിയ പാലത്തിന്‍റെ നിര്‍മിതിയും ഒഴുക്ക് മുകളില്‍തന്നെ ഒരുഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. മാരാമണ്‍ കണ്‍വന്‍ഷന്‍ നഗര്‍ ഭാഗത്തെത്തുമ്പോഴേക്കും ഇതു ശക്തമാകുന്നതാണ് കണ്ടുവരുന്നത്.
എന്നാല്‍ കരയില്‍ നിന്നു നോക്കുമ്പോള്‍ കടവിന് ഏറെ ആഴം തോന്നാറില്ല. നദിയുടെ സ്ഥിതി സംബന്ധിച്ച് മുന്‍ പരിചയമില്ലാതെ എത്തുന്നവര്‍ ഇറങ്ങിയാല്‍ അപകടം ഉറപ്പാണ്.
നദിയുടെ വീതി അപഹരിച്ച് രൂപംകൊണ്ടിട്ടുള്ള മണ്‍പുറ്റുകളാണ് നീരൊഴുക്കിനു പ്രധാന തടസം. കോഴഞ്ചേരി പാലത്തോടു ചേര്‍ന്ന് പ്രളയത്തിനുശേഷം രൂപപ്പെട്ടിരിക്കുന്ന വന്‍ മണ്‍പുറ്റുകളാണ്.
നദിയുടെ ഭാഗങ്ങള്‍ കരയായി രൂപപ്പെട്ടിരിക്കുകയാണ. ഇത്തവണ മാരാമണ്‍ കണ്‍വന്‍ഷനുവേണ്ടി വഴിയൊരുക്കാന്‍ തന്നെ ഇതു തടസമായിരുന്നു. മഴക്കാലത്തുപോലും നദിയുടെ ഒഴുക്കിന് മണ്‍പുറ്റ് തടസമാണ്.
മാരാമണ്‍ മണല്‍പ്പുറം തന്നെ നഷ്ടമാകുന്ന തരത്തില്‍ മണ്‍പുറ്റുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ജെസിബി ഉപയോഗിച്ച് നിരത്തിയാണ് കണ്‍വന്‍ഷന്‍ മണല്‍പ്പുറം തയാറാക്കി വരുന്നത്. കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വഴി പുനര്‍നിര്‍മിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്.