video
play-sharp-fill
‘ ഭഗവാന് കൂട്ടായി ഇനി റോബോട്ടിക് ഗജവീരൻ ‘ പത്തടി ഉയരവും എണ്ണൂറ് കിലോ ഭാരവും; സ്വിച്ചിട്ടാല്‍ തുമ്പികൈ വഴി വെള്ളം ചീറ്റിക്കും; നാലുപേരെ  പുറത്തേറ്റാന്‍ കഴിയും; ചെലവ് അഞ്ച് ലക്ഷം രൂപ; ചരിത്രത്തിലാദ്യമായി ‘റോബോര്‍ട്ട് ‘ ആനയെ നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം

‘ ഭഗവാന് കൂട്ടായി ഇനി റോബോട്ടിക് ഗജവീരൻ ‘ പത്തടി ഉയരവും എണ്ണൂറ് കിലോ ഭാരവും; സ്വിച്ചിട്ടാല്‍ തുമ്പികൈ വഴി വെള്ളം ചീറ്റിക്കും; നാലുപേരെ പുറത്തേറ്റാന്‍ കഴിയും; ചെലവ് അഞ്ച് ലക്ഷം രൂപ; ചരിത്രത്തിലാദ്യമായി ‘റോബോര്‍ട്ട് ‘ ആനയെ നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം

സ്വന്തം ലേഖകൻ

തൃശൂര്‍: റോബോര്‍ട്ട് ആനയെ നടയ്ക്കിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രി ശ്രീകൃഷ്ണ ക്ഷേത്രം. ഭക്തര്‍ സംഭാവന ചെയ്ത ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന റോബര്‍ട്ട് ആനയെ ആണ് നടയ്ക്കിരുത്തുക.

പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവും ഇതിനുണ്ട്. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഫെബ്രുവരി 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. രണ്ട് മാസമാണ് ഇതിന്റെ നിര്‍മാണത്തിനായി എടുത്തിരിക്കുന്ന സമയം. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് റോബോര്‍ട്ട് ആനയെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും ഈ റോബോര്‍ട്ട് ആനയുടെ പ്രത്യേകതയാണ്.

ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത്. നടയിരുത്തല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമനായിരിക്കും തിടമ്പേറ്റുക. നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാന്‍ ആളുകളുണ്ടാകും. പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തിലാണ് മേളം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തേരില്‍ എഴുന്നള്ളിപ്പ് നടത്തിയിരുന്ന ക്ഷേത്രമാണിത്. എന്നാല്‍ കുറച്ച്‌ വര്‍ഷങ്ങളായി തിടമ്പ് കൈയില്‍ പിടിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്ന് ക്ഷേത്ര അവകാശികളിലൊരാള്‍ പറഞ്ഞു. തിടമ്പേറ്റുന്നതിനും മറ്റുമായി ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം.

നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ട് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ഹി ആര്‍ട്ട്സിലെ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനേയും നിര്‍മ്മിച്ചിരിക്കുന്നത്.