സ്വന്തം ലേഖകൻ
കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം വയനാട്ടിലേക്ക്. മരിച്ച വിശ്വനാഥന്റെ ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കും. റീ പോസ്റ്റുമാർട്ടം ആവശ്യപ്പെട്ടാല്‍ നടത്താനും നടപടിയുണ്ടാകും. വിശ്വനാഥന്റെ ബന്ധുക്കളുന്നയിച്ച പരാതിയും അന്വേഷണ സംഘം പരിശോധിക്കും.
വിശ്വനാഥന്റെ മരണത്തിൽ പട്ടികജാതി – പട്ടികവർഗ പീഡന നിരോധന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്ന് വിശ്വനാഥൻറെ കുടുംബവും ആരോപണമുന്നയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് പട്ടികജാതി – പട്ടികവർഗ പീഡന നിരോധന വകുപ്പ് കൂടെ ചുമത്തി എഫ്.ഐ.ആറിൽ മാറ്റംവരുത്തിയത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കാണാതായ രാത്രിയിൽ വിശ്വനാഥൻറെ ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും ചിലർ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കൽപ്പറ്റയിലെ വീട് സന്ദർശിച്ച എസ്.സി – എസ്.ടി കമ്മീഷൻ അധ്യക്ഷൻ ബി.എസ്. മാവോജി പറഞ്ഞു.
നഷ്ടപരിഹാരവും ജോലിയും ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാരുൾപ്പെടെ 20ഓളം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.