കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി..! ‘ഉല്ലാസ യാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവർ’, പക്ഷേ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി’; കളക്ടറുടെ റിപ്പോർട്ട്
സ്വന്തം ലേഖകൻ
പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയത് . 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് അവധിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താലൂക്ക് ഓഫീസില്‍ ആളില്ലെന്ന വിവരം ലഭിച്ച എംഎല്‍എ തഹസില്‍ദാര്‍ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് എംഎൽഎ കെ യു ജനീഷ്കുമാർ തഹസിൽദാറെ ഫോണിൽ ബന്ധപ്പെട്ട് ക്ഷുഭിതനാവുകയായിരുന്നു. കൂടാതെ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. തഹസിൽദാരും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരും കളക്ടറേറ്റിൽ എത്തി വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
അനധികൃതമായി അവധിയെടുത്തവർക്കും ഇത്രയധികം അവധി നൽകിയ തഹസിൽദാറിനുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിയെടുക്കാൻ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.