ലൈഫ് മിഷന് ഇടപാടില്‍ കൂടുതല്‍ പേരുടെ പങ്കിന് വ്യക്തത തേടി ഇഡി; എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; അന്വേഷണം നീളുന്നത് സര്‍ക്കാരിലേക്ക്; ഉന്നതരെ ഉടന്‍ ചോദ്യംചെയ്യും…?
സ്വന്തം ലേഖിക
കൊച്ചി: ലൈഫ് മിഷന് കരാറിലെ കള്ളപ്പണ കേസില്‍ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്സമെന്റ് തുടരുന്നു.
ടെണ്ടറില്ലാതെ ലൈഫ് മിഷന് കരാര്‍ യൂണിടാക്കിന് നല്കാന് ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയില്‍ പങ്കാളികളായി എന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്.
അതിനിടെ ലൈഫ് മിഷന് കരാറിലെ കോഴപ്പണം വരുന്നതിനു മുന്‍പ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ നല്‍കുന്നത്.
ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്കാന് മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്.
എന്നാല്‍ സ്വപ്നയ്ക്ക് ജോലി നല്കാന് താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തിരുത്തിയിട്ടുള്ളത്.