
സ്വന്തം ലേഖകൻ
കോട്ടയം: പച്ചക്കറിക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ചതിന് വിവാദത്തിലായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം.
കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ചതിന് ആരോപണ വിധേയനായ ഇടുക്കി എ.ആര്. ക്യാംപിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെയാണ് സേനയില്‍ നിന്നും പിരിച്ചുവിടുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിച്ചാണ് നടപടി.
ഷിഹാബിന് ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
15 ദിവസത്തിനുള്ളില്‍ പിരിച്ചു വിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അത് ബോധിപ്പിക്കണം. അതിന് ശേഷമായിരിക്കും അന്തിമ നടപടി സ്വീകരിക്കുക.
കഴിഞ്ഞ സെപ്തംബര്‍ 30-നായിരുന്നു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയുടെ മുൻപില് സൂക്ഷിച്ച പത്ത് കിലോ മാമ്പഴം മോഷ്ടിച്ചു കൊണ്ട് പോയത്. യൂണിഫോമില്‍ തന്നെയായിരുന്നു മോഷണം നടത്തിയത്.
കേരളാ പൊലീസിനെ ഒന്നടങ്കം നാണം കെടുത്തിയതും ഇരു
ചെവി അറിയാതെ മുങ്ങിപ്പോകുമായിരുന്നതുമായ
പൊലീസുകാരന്റെ മാങ്ങാ മോഷണം വീഡിയോ സഹിതം പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ആയിരുന്നു.
ഷിഹാബിനെതിരെ സസ്പെന്ഷന് നടപടിയുണ്ടായെങ്കിലും പരാതി പിന്നീട് ഒത്തുതീര്‍പ്പിലെത്തി. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതിനാല്‍ കേസ് പിന്‍വലിക്കാന്‍ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.