
സ്വന്തം ലേഖകൻ
കൊല്ലം: യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ. മംഗൾ പാണ്ഡേ എന്ന അറിയപ്പെടുന്ന എബിൻ പെരേരയെ ആണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകൽ.
മുണ്ടക്കൽ സ്വദേശി ജാക്‌സനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ഒരാഴ്‌ച മുമ്പ് ആയുധവുമായി എത്തി ഭീഷണിപ്പെടുത്തിയാണ് ജാക്‌സനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കന്യാകുമാരിയിലുണ്ടെന്ന് മനസ്സിലാവുകയായിരുന്നു. എസ്‌ഐമാരായ ആർ എസ് രഞ്ജു, ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കന്യാകുമാരിയിലെ ഒളിസങ്കേതത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്.
അഞ്ചുതവണ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പ്രതി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ ഇയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മെറിന്‍ ജോസഫ് അറിയിച്ചു.
നേരത്തെ ഇരവിപുരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സിഐയെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍.
കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വധഭീഷണി, മാരകമായി മുറിവേല്‍പ്പിക്കല്‍, മയക്കു മരുന്ന് വ്യാപാരം, മയക്കുമരുന്നു കടത്ത്, അക്രമം, പൊതുസമാധാനത്തിന് ഭീഷണി തുടങ്ങി വ്യത്യസ്ത കുറ്റങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പ വകുപ്പുകള്‍ പ്രകാരവും കേസുണ്ട്.