സ്ഥലത്തിന്റെ പട്ടയം അനുവദിച്ചു കിട്ടാൻ വീട്ടമ്മയിൽ നിന്ന് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കൈക്കൂലി വെക്കേണ്ടത് ബൈക്കിന് മുകളിൽ; എടുത്ത് തിരിയുമ്പോൾ മുന്നിൽ വിജിലൻസ് ; പാലക്കാട് റവന്യൂ ഉദ്യോഗസ്ഥർ അറസ്റ്റിൽ ; വെള്ളിനേഴി വില്ലേജ് ഓഫീസർ, സീനിയർ ക്ലർക്ക് എന്നിവരാണ് പിടിയിലായത്; ഇവരിൽ നിന്ന് പതിനായിരത്തോളം രൂപ കണ്ടെടുത്തു
സ്വന്തം ലേഖകൻ
പാലക്കാട്: സ്ഥലത്തിന്റെ പട്ടയം അനുവദിച്ചു കിട്ടാൻ വീട്ടമ്മയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. വെള്ളിനേഴി വില്ലേജ് ഓഫീസർ കെ പി നജീമുദ്ധീൻ, ഭൂപരിഷ്കരണ പ്രത്യേക തഹസിൽദാർ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി നായർ എന്നിവരാണ് അറസ്റ്റിലായത്.
പതിനായിരം രൂപ ശ്രീജിത്തിൽ നിന്നും വിജിലൻസ് കണ്ടെടുത്തു. ഒറ്റപ്പാലം താലൂക്കിന് കീഴിലുള്ള വെള്ളിനേഴി കുറ്റാനശ്ശേരി സ്വദേശി രാധ തന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്തിന്റെ പട്ടയത്തിന് വേണ്ടി അപേക്ഷ നൽകിയിരുന്നു. 40സെന്റ് സ്ഥലത്തിന്റെ പട്ടയത്തിന് ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലെ ലാൻഡ് ട്രിബ്യൂണൽ ഓഫീസിലാണ് അപേക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടയം അനുവദിക്കുന്നതിന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് അയച്ചു. താമസം അവിടെ തന്നെയാണെന്ന് തെളിയിക്കാൻ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ടു പേരുടെ സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ടു. ഇതിനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് പന്ത്രണ്ടായിരം രൂപ നജീമുദ്ധീൻ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ അത്രയും പണം നൽകാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചതോടെ 10000 രൂപ ആവശ്യപ്പെട്ടു. ഇത് മിനി സിവിൽ സ്റ്റേഷനിലെ സീനിയർ ക്ലർക്ക് ശ്രീജിത്തിന് കൈമാറാനും നിർദേശിച്ചു.
ഇതോടെ വിജിലൻസിനെ സമീപിച്ച യുവതി അവിടെ നിന്ന് നൽകിയ പണവുമായി ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽ എത്തി ശ്രീജിത്തിനെ ഫോണിൽ വിളിച്ചു. തുടർന്ന് ശ്രീജിത്ത് താഴെ വെച്ചിരുന്ന തന്റെ ബൈക്കിൽ പണം വെക്കാൻ നിർദേശിക്കുകയും അവിടെ നിന്ന് പണമെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയുമായിരുന്നു.
വില്ലേജ് ഓഫീസറെ ചെർപ്പുളശ്ശേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.