ന്യൂസിലൻഡിനെ അടിച്ച് പറപ്പിച്ച് ഉജ്വല വിജയവുമായി ഇന്ത്യ: ലോകകപ്പിലേയ്ക്ക് ഇന്ത്യയ്ക്ക് ഉജ്വല തുടക്കം; രോഹിതും കോഹ്ലിയും മിന്നിത്തുടങ്ങി
സ്വന്തം ലേഖകൻ
മൗണ്ട് മാൻഗൗനി: മുഹമ്മദ് ഷമിയയും സംഘവും ന്യൂസിലൻഡിനെ എറിഞ്ഞിട്ടപ്പോൾ, രോഹിതും കോഹ്ലിയും ചേർന്ന് വിജയം അടിച്ചെടുത്തു. അങ്ങിനെ പരമ്പരയിലെ മൂന്നാം മത്സരവും ഉജ്വലമായി വിജയിച്ച് ഇന്ത്യ പരമ്പര പോക്കറ്റിലാക്കി. 42 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ ഉജ്വല വിജയം.
ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ പത്തിൽ എത്തിയപ്പോൾ തന്നെ ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡിന് മുന്നറിയിപ്പ് നൽകി. ഞങ്ങൾ പ്രശ്‌നക്കാരാണ് സൂക്ഷിക്കുക. ഒൻപത് പത്തിൽ ഏഴ് റണ്ണെടുത്ത മുൺറോയെ രോഹിത് ശർമ്മയുടെ കയ്യിലേയ്ക്ക് എത്തിച്ച് മുഹമ്മദ് ഷമി കളി കാര്യമാകുമെന്ന സൂചന നൽകി. 26 ൽ മാർട്ടിൻ ഗപ്റ്റിലിനെ (15 പന്തിൽ 13) വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കയ്യിൽ എത്തിച്ച് ഭുവനേശ്വർ കുമാർ പറഞ്ഞു ഞങ്ങൾ പരമ്പര വിജയിക്കാൻ വേണ്ടി മാത്രമാണ് കളിക്കുന്നത്. 59 ൽ കെയിൽ വില്യംസണിനെ (48 പന്തിൽ 28) പാണ്ഡ്യയുടെ കയ്യിൽ എത്തിച്ച് ചഹൽ ഇന്ത്യയ്ക്ക് അനുകൂലമാക്കി കാര്യങ്ങൾ. എന്നാൽ, ലാത്തവും ടെയ്‌ലറും ഒത്തു ചേർന്നതോടെ അപകടമുഖത്തു നിന്നും ന്യൂസിലൻഡ് പതിയെ കരകയറി. സ്‌കോർ ബോർഡിൽ 178 എത്തും വരെ ആ സഖ്യം ഇന്ത്യയെ കരകയറ്റി. 37 -ാം ഓവറിൽ ലാതത്തിന്റെ പ്രതിരോധം തകർത്ത് ചഹൽ പന്ത് റായിഡുവിന്റെ കയ്യിൽ എത്തിച്ചതോടെ ആ കൂട്ടുകെട്ടും പൊളിഞ്ഞു. 64 പന്തിൽ 51 റണ്ണായിരുന്നു ലാതത്തിന്റെ സമ്പാദ്യം. 191 ൽ നിക്കോളാസിനെയും (എട്ട് പന്തിൽ ആറ്) , 198 ൽ സാന്ററെയും (ഒൻപത് പന്തിൽ മൂന്ന്) തുടർച്ചയായി മടക്കി ഹർദിക് പാണ്ഡ്യ ഇന്ത്യയെ നിർണ്ണായകമായ ട്രാക്കിൽ എത്തിച്ചു. 106 പന്തിൽ 93 റണ്ണുമായി നിർണ്ണായകമായ സ്‌കോറിലേയ്ക്ക് ന്യൂസിലൻഡിനെ എത്തിച്ച ടെയ്‌ലറെ മുഹമ്മദ് ഷമി ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിച്ചു. അപ്പോഴേയ്ക്കും സ്‌കോർ 222 ൽ എത്തിയിരുന്നു. 239 ൽ സൗത്തിയെ (12 പന്തിൽ 12) ക്യാപ്റ്റന്റെ കയ്യിൽ ഷമി എത്തിച്ചപ്പോൾ, കോഹ്ലിയുടെ നേരിട്ടുള്ള ഏറിൽ ബ്രൗസ് വെല്ലിന്റെ വിക്കറ്റ് തെറിച്ചു. റണ്ണൗട്ടായി ബ്രൗസ് വെൽ മടങ്ങുമ്പോൾ 18 പന്തിൽ പതിനഞ്ച് റണ്ണെടുത്തിരുന്നു. അവസാനക്കാരനായ ട്രെൻഡ് ബോൾട്ടിനെ ഭുവനേശ്വർ കുമാർ മുഹമ്മദ് ഷമിയുടെ കയ്യിൽ എത്തിച്ചതോടെ ന്യൂസിലൻഡ് ഇന്നിംഗ്‌സിന് തിരശീല വീണു.
243 എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റിംഗ് ആരംഭിച്ച ഉന്ത്യയ്ക്ക് ഒരു ഘട്ടത്തിലും ന്യൂസിലൻഡ് ബൗളർമാർ വെല്ലുവിളി ഉയർത്തിയതേയില്ല. 39 ൽ ശിഖർ ധവാനെ നഷ്ടമായെങ്കിലും (27 പന്തിൽ 28) തുടർന്നെത്തിയ കോഹ്ലിയും (74 പന്തിൽ 60), രോഹിത് ശർമ്മയും (77 പന്തിൽ 62) ചേർന്ന് ഇന്ത്യയെ വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു. 152 ൽ രോഹിത്തിനെ സാന്റനർ വീഴ്ത്തിയെങ്കിൽ, 168 ൽ കോഹ്ലിയെ ബോൾട്ട് നിക്കോളാസിന്റെ കൈയ്യിൽ എത്തിച്ചു. പിന്നീട് എത്തിയ അമ്പാട്ടി റായിഡുവും (42 പന്തിൽ 40), ദിനേശ് കാർത്തിക്കും (38 പന്തിൽ 38) ചേർന്ന് ഇന്ത്യയെ ഉജ്വലമായ വിജയത്തിലേയ്ക്ക്് എത്തിക്കുകയായിരുന്നു. മുഹമ്മദ് ഷമിയാണ് മാൻ ഓഫ് ദി മാച്ച്