
കോട്ടയം കുറിച്ചി ഡിവിഷനിൽ 1.47 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു; ഫണ്ടുകൾ വിനിയോഗിക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, വെളിച്ചം, റോഡ്, പിന്നോക്ക ക്ഷേമം, സാംസ്കാരികം എന്നീ മേഖലകളിൽ; പദ്ധതികൾ സമയ പരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് പി കെ വൈശാഖ്
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2022-23 പദ്ധതിയിൽ ഉൾപെടുത്തി 1.47 കോടി രൂപയുടെ പദ്ധതികൾക്ക് ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലേക്കു കടന്നെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ
പി കെ വൈശാഖ്.
ആരോഗ്യം , വിദ്യാഭ്യാസം, വെളിച്ചം, റോഡ്, പിന്നോക്ക ക്ഷേമം, സാംസ്കാരിക എന്നീ മേഖലകളിലാണ് ഫണ്ടുകൾ വിനിയോഗിക്കുന്നത്.
വിദ്യാഭ്യാസം മേഖലയിൽ കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് 20 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം എൻ.എസ് എസ് ഹയർസെക്കൻഡറി സ്കൂൾ ആധുനിക ടെയിലറ്റ് ബോക്കിന് – 10 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
റോഡ് നവീകരണത്തിന് ഫണ്ട് കൂടുതൽ വേണ്ടിയതാണ്, ലഭിച്ച തുക രണ്ടായി തിരിച്ചു തുക വകയിരുത്തി. പനച്ചിക്കാട് പഞ്ചായത്ത് മലമേൽക്കാവ് പുളിമൂട് കല്ലുങ്കൽ കടവ് റോഡ് നവീകരണം – 15 ലക്ഷം രൂപ, കുറിച്ചി പഞ്ചായത്ത് ചിറവുമുട്ടം മലകുന്നം റോഡ് നവീകരണം – 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ആരോഗ്യ മേഖലയിൽ പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ വാങ്ങൽ – 7 ലക്ഷവും , കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പി യൂണിറ്റ് സ്ഥാപിക്കാൻ 5ലക്ഷവും ടെൻഡർ നടപടികൾ ആയി വരുന്നു.
കുറിച്ചി ഡിവിഷൻ പരിധിയിൽ കേളൻകവല,സ്വാമി കവല, ചിറവുമുട്ടം, കുഴിമറ്റം, മാളികക്കടവ്, ഓട്ടകാഞ്ഞിരം, ചോഴിയക്കാട് , കണിയാമല, സായിപ്പുകവല, പടിയിറക്കടവ് , പൂവൻതുരുത്ത് പ്ലാമൂട് , കടുവാക്കുളം, പാറയ്ക്കൽക്കടവ് ,കണ്ണകുളം തുടങ്ങിയ സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 22 ലക്ഷം രൂപ അനുവദിച്ചു.
കുറിച്ചി ഡിവിഷൻ പരിധിയിൽ എസ് സി ഫീസിബിലിട്ടി കിട്ടുന്ന എല്ലാ കോളനികളിലും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് പൗർണമി പദ്ധതിയുടെ 2.0 ഘട്ടം നടപ്പിലാക്കാൻ 30 ലക്ഷം രൂപ അനുവദിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പുന്നയ്ക്കൽ പബ്ളിക്ക് ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ച പരിമിതമായ തുകയുടെ 100% ടെൻഡർ നടപടികൾ പൂർത്തീകരിക്കും.