
തുരപ്പൻ കൊച്ചുണ്ണിയെ പൊക്കി..! വാഹനങ്ങളിലെ ഇന്ധനചോര്‍ച്ചയ്ക്ക് പിന്നിലെ ‘വില്ലനെ’ കണ്ടെത്തി ഗവേഷകര്‍; പ്രിയം പെട്രോളിലെ എഥനോളിനോട്; തുരപ്പന്മാരെത്തിയത് 2018ലെ പ്രളയത്തിനുശേഷം
സ്വന്തം ലേഖകൻ
വാഹന ഉടമസ്ഥര്‍ക്ക് നാളുകളായി തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകള്‍. ഇപ്പോഴിതാ ആ വണ്ടുകളേതെന്ന് തിരിച്ചറിഞ്ഞെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
നൂറുകണക്കിന് വാഹനങ്ങളില്‍ ഇന്ധനചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടന്ന് നടത്തിയ പഠനത്തിലാണ് വണ്ടുകളെകുറിച്ചുള്ള രഹസ്യം ചുരുളഴിഞ്ഞത്. കാറുകളിലെ റബ്ബര്‍പൈപ്പ് തുരന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടാക്കുന്ന വണ്ടുകള്‍ സ്‌കോളിറ്റിഡേ കുടുംബത്തില്‍പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.5 മില്ലിമീറ്റര്‍ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാര്‍ഡ് വുഡ്, റബ്ബര്‍ എന്നിവ തുരക്കും. ചില ലോഹങ്ങളും. ചെടികള്‍ (മരങ്ങള്‍) ദുര്‍ബലമാകുമ്ബോള്‍ ആല്‍ക്കഹോള്‍ പുറപ്പെടുവിക്കും. അത് ആകര്‍ഷിച്ചാണ് വണ്ടുകള്‍ വരുന്നതും തുരക്കുന്നതും. പെട്രോളില്‍ ഇപ്പോള്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ട്. എഥനോള്‍ വണ്ടിനെ ആകര്‍ഷിക്കും. ഇതാണ് വാഹനങ്ങള്‍ തേടി വണ്ടുകള്‍ എത്താന്‍ കാരണം.
വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ടാക്സോണമിസ്റ്റ് ഡോ. കെ.ഡി. പ്രതാപന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മരം, റബ്ബര്‍ ചില ലോഹങ്ങള്‍ ഇങ്ങിനെ എന്തും ഇവ തുരക്കും. 2018ലെ മഹാപ്രളയശേഷം കൂട്ടത്തോടെ എത്തിയ ഇവ മാസങ്ങള്‍ക്കകം നൂറുകണക്കിന് കാറുകളിലാണ് പെട്രോള്‍ ചോര്‍ച്ച ഉണ്ടാക്കിയത്.
കാലിക്കടവ് ആണൂരില്‍ വര്‍ക്ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രനാണ് പൈപ്പില്‍നിന്ന് വണ്ടിനെ ശേഖരിച്ചത്. പടന്നക്കാട് കാര്‍ഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറും സംഘവും വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലേക്ക് വണ്ടിനെ വിദഗ്ധപഠനത്തിന് അയച്ചു. വെള്ളായണി കാര്‍ഷിക സര്‍വകലാശാല എന്റമോളജിവിഭാഗം 2018 സെപ്റ്റംബറില്‍ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തില്‍ ചാപ്പന്‍തോട്ടം സന്ദര്‍ശിച്ചു.
ജാതി, കരയാമ്ബു, മഹാഗണി, ആര്യവേപ്പ്, സപ്പോട്ട തുടങ്ങിയവ കീടം ആക്രമിച്ചു നശിപ്പിച്ചതായി കണ്ടെത്തി. ഈ കീടങ്ങള്‍ സൈലോസാന്‍ഡ്രസ് സ്പീഷീസ് വിഭാഗത്തില്‍ പെട്ട വണ്ടുകളാണെന്ന് തായ്ലാന്‍ഡിലെ ഡോ. റോഗര്‍ ബീവര്‍, ചിഹാ മായി എന്നിവര്‍
സ്ഥിരീകരിച്ചു. പഠനം ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പൈസസിന്റെ ജേണലില്‍ 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018-ലെ പ്രളയത്തിനുശേഷം കൂട്ടത്തോടെ വന്ന വണ്ടുകളും ഒന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഡോ. കെ.ഡി. പ്രതാപന്‍ പറഞ്ഞു.