സ്വന്തം ലേഖിക
തിരുവനന്തപുരം: മ്യൂസിയം ഭാഗത്ത് രാത്രിയും പിങ്ക് പൊലീസ് പ്രവര്‍ത്തിക്കും.
പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിന്നാലെയാണ് 24 മണിക്കൂറും സേവനം ഉറപ്പിക്കാന്‍ തീരുമാനമായത്.
മ്യൂസിയം പരിസരത്തെ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ജില്ലാ പൊലീസ് മേധാവിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അക്രമണങ്ങളില്‍ പരാതിപ്പെടുന്നതില്‍ വരുന്ന കാലതാമസം അന്വേഷണത്തെ ബാധിക്കുന്നതായി കമ്മിഷണര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ഭയം ആപ്ളിക്കേഷന്‍ എല്ലാ സ്ത്രീകളും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം മ്യൂസിയം പരിസരത്ത് വെച്ച് അദ്ധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല. മ്യൂസിയത്തെ അക്ഷരോത്സവത്തില്‍ പങ്കെടുത്തശേഷം രാത്രിയില്‍ മടങ്ങുകയായിരുന്ന അദ്ധ്യാപികയെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.45 ഓടെ മ്യൂസിയം കനക നഗര്‍ റോഡിലായിരുന്നു സംഭവം.
മുഖത്ത് അടിച്ചശേഷം കഴുത്തില്‍ കുത്തിപ്പിടിക്കുകയായിരുന്നു. നാല്പതുകാരിയായ തൃശൂര്‍ സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കണ്‍ട്രോള്‍ റൂമിലും മ്യൂസിയം സ്റ്റേഷനിലും അറിയിച്ചതനുസരിച്ച് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.