തെറ്റ് ആര്‍ക്കും പറ്റാം, ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ അനില്‍ ആന്‍റണിയെ ന്യായീകരിച്ച് കെ സുധാകരന്‍
സ്വന്തം ലേഖകൻ
കണ്ണൂര്‍: ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ അനില്‍ ആന്‍റണിയെ ന്യായീകരിച്ച് കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം.തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനില്‍ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം രംഗത്ത് വന്നപ്പോഴാണ് ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്റണി രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യന്‍ സ്ഥാപനങ്ങളേക്കാള്‍ ബിബിസിയുടെ കാഴ്ചപ്പാടിന് ഇന്ത്യക്കാര്‍ മുന്‍ഗണന നല്‍കുന്നത് അപകടകരമാണെന്ന് അന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു.
അനിലിനെ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി. വിഷയം ദേശീയ തലത്തിലടക്കം ബി.ജെ.പി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് അനില്‍ ആന്‍റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അനില്‍ വീണ്ടും ബിബിസിക്കെതിരെ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്‍ പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്.