കങ്കാരുക്കൾക്കു പിന്നാലെ കിവികളെയും പൊരിച്ച് കോഹ്ലിപ്പട: ന്യൂസിലൻഡിലും കോഹ്ലിപ്പടയുടെ പടയോട്ടം
സ്‌പോട്‌സ് ഡെസ്‌ക്
ബേഓവൽ: കങ്കാരുക്കളെ അവരുടെ നാട്ടിലെത്തി പൊരിച്ച കോഹ്ലിപ്പടയാളികൾ കിവികളെ അവരുടെ നാട്ടിലെത്തി വറുത്തെടുത്തു. കിവീസിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യൻ ടീം പരമ്പരയും സ്വന്തം പേരിൽ കുറിച്ചു. 90 റണ്ണിനാണ് രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം.
കിവികളുട നാട്ടിൽ ഇന്ത്യനേടുന്ന ഏറ്റവും ഉയർന്ന മാർജിൻ ജയമായി ഇത്. 2009ൽ ഹാമിൽട്ടണിൽ നേടിയ 84 റൺസ് ജയമായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ ജയം.
ബാറ്റിങിൽ രോഹിതും ശിഖർ ധവാനും വിരാടും ധോണിയും തിളങ്ങിയപ്പോൾ ബോളിങിൽ യാദവിന്റെ മികച്ച പ്രകടനവുമാണ് വൻ മാർജിനുള്ള ജയം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.
നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപായിരുന്നു ഇന്ത്യയുടെ തുറുപ്പ് ചീട്ട്. ഇന്ത്യ മുന്നോട്ട് വെച്ച 325 റൺസ് വിജയലക്ഷ്യത്തിലേക്ക് പതർച്ചയോടെ ആയിരുന്നു ന്യുസീലൻഡിന്റെ തുടക്കം, ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ കാര്യമായ സംഭവാന നൽകാതെ ഇത്തവണയും മടങ്ങി. ഭുവനേശ്വറിനാണ് വിക്കറ്റ്.
രോഹിത് 87 റൺസും ധവാൻ 66 ഉം റൺസെടുത്ത് മികച്ച സ്‌കോർ ഉയർത്തിയപ്പോൾ നാല് വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ് കിവീസ് സ്‌കോർ 234 റൺസിൽ ഒതുക്കി.
തുടർന്ന് വന്ന ക്യാപ്റ്റൻ വില്യംസണെ 20 റണ്ണിൽ പുറത്താക്കി ഷമി കിവീസിനെ പ്രതിരോധത്തിലാക്കി. മധ്യനിരയിൽ റോസ് ടൈലറിനേയും ടോം ലാഥമിനേയും നിക്കോൾസിനേയും പുറത്താക്കി യാദവ് കിവീസിന്റെ വിജയസ്വപ്നത്തിന് തടയിട്ടു. വാലറ്റത്തിൽ പൊരുതിയ ബ്രേസ്വെല്ലിനെ ഭുവനേശ്വർ പുറത്താക്കിയതോടെ ഓവലിലെ കിവിവധം 234 റൺസിൽ പൂർത്തിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ചാഹലും ഭുവനേശ്വറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ആദ്യ ബാറ്റിൽ ബോളർമാരുടെ ശവപ്പറമ്പായ ഓവൽ രണ്ടാം ബാറ്റിൽ പിച്ചിന്റെ സ്വഭാവം മാറിയതാണ് തിരിച്ചടിയായത്.
ബോൾട്ടും ഫെർഗൂസണുമടങ്ങുന്ന കിവി നിരയെ തകർത്തെറിഞ്ഞാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാര് 324 റൺസ് അടിച്ചുകൂട്ടിയത്. 154 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ശിഖർ-രോഹിത് ജോഡി ഒരുക്കിയത്. ശിഖർ 66ഉം രോഹിത് 87ഉം റൺസെടുത്തു.
43 റൺസെടുത്ത വിരാടിനെ ബോൾട്ടും 47 റൺൺസെടുത്ത റായിഡുവിനെ ഫെർഗൂസണും പുറത്താക്കിയതോടെ അവസാന പത്തോവറിൽ ധോണി-ജാദവ് ഷോ ആയിരുന്നു കണ്ടത്. ഓസ്ട്രേലിയയിലെ ഫോം ധോണി ന്യുസീലൻഡിലും ആവർത്തിച്ചപ്പോൾ ജാദവ് 10 ബോളിൽ 22 റൺസുമായി പൂർണ പിന്തുണയും നൽകി.ധോണി 48 റൺസെടുത്തു.10 ഓവറിൽ 81 റൺസ് വിട്ടുകൊടുത്ത ഫെർഗൂസണാണ് ഇന്ത്യൻ ബാറ്റസ്മാൻമാരുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്.
2009ൽ സെവാഗിന്റെ സെഞ്ചുറി കരുത്തിലായിരുന്നു ഇന്ത്യ 84 റൺസിന്റെ വിജയം സ്വന്തമാക്കിയത്.