നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത്; 27 പരാതികൾ തീർപ്പാക്കി; രണ്ട് പരാതികൾ ജനുവരി 30ന് ഹിയറിംഗിനായി മാറ്റിവച്ചു
സ്വന്തം ലേഖിക
കോട്ടയം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ ‘സാന്ത്വന’യുടെ അദാലത്തിൽ ലഭിച്ച 31 പരാതികളിൽ 27 എണ്ണം തീർപ്പാക്കി.
രണ്ട് പരാതികൾ ജനുവരി 30ന് ഹിയറിംഗിനായി മാറ്റിവച്ചു. രണ്ട് എണ്ണം നിരസിച്ചു. തീർപ്പാക്കിയ 22 പരാതികൾ ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ടതും നാലെണ്ണം മരണാനന്തര ധനസഹായവുമായി ബന്ധപ്പെട്ടതുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങൾക്കായി 10,000 രൂപയുമാണ് സാന്ത്വന പദ്ധതി വഴി ലഭിക്കുന്നത്.
കോട്ടയം കളക്ട്രേറ്റിൽ സംഘടിപ്പിച്ച എറണാകുളം മേഖലാ ഓഫീസിലെ നോർക്ക റൂട്ട്സ് അസിസ്റ്റന്റുമാരായ അഫ്സി സാറ പീറ്റർ, കെ.പി. ലിജിമോൾ, കോട്ടയം നോർക്ക റൂട്ട്സ് അസിസ്റ്റന്റ് കെ.കെ. ശ്രീലേഖ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.