ആശുപത്രിയിലേക്ക് മറ്റുന്നതിനിടയിൽ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു; കനിവ് 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
പേരൂര്‍ക്കട കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിനുള്ളിൽ സുഖപ്രസവം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിൻ്റെ സേവനം തേടുകയായിരുന്നു.
ആംബുലന്‍സ് പൈലറ്റ് അനീഷ് എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വിജയപ്രസസ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി.
എന്നാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വിജയപ്രസാദിൻ്റെ പരിശോധനയില്‍ പ്രസവം നടക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലന്‍സിനുള്ളില്‍ ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
രാവിലെ 4.10ന് വിജയപ്രസാദിൻ്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.
തുടര്‍ന്ന് വിജയപ്രസാദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി.
പിന്നീട് ആംബുലന്‍സ് പൈലറ്റ് അനീഷ് ഇരുവരെയും പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.