പൊലീസിലെ പിരിച്ചുവിടൽ ലിസ്റ്റിൽ സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈഎസ്പി വരെയുള്ളവർ മാത്രം; ഗുരുതര കുറ്റകൃത്യങ്ങളിലും കേസുകളിലും ഉൾപ്പെട്ട ഐപിഎസ്, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കാൻ സർക്കാരിന് പേടി; വിജയ് സാഖറേയും , ലക്ഷ്മണനും, എ വി ജോർജും കെ ബി വേണുഗോപാലുമൊക്കെ ഇപ്പോഴും സുഖവാസത്തിൽ; നിസ്സാര കുറ്റകൃത്യങ്ങൾക്ക് ഒന്നരവർഷമായി സസ്പെൻഷനിൽ കഴിയുന്ന നിരവധി ഡിവൈഎസ്പിമാർ മുതൽ സിപിഒ മാർ വരെയുള്ളവർ കേരള പോലീസിൽ
ഏ.കെ ശ്രീകുമാർ
കോട്ടയം: ഗുരുതര കുറ്റകൃത്യങ്ങളിലും കേസുകളിലും ഉൾപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് പേടിയാണ്. എന്നാൽ നിസാര കുറ്റകൃത്യങ്ങളുടെ പേരിൽ സിപിഒ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ പേരിൽ നടപടി സ്വീകരിക്കുവാനും അവരെ വർഷങ്ങളോളം സസ്പെൻഡ് ചെയ്ത് പുറത്തു നിർത്താനും സർക്കാരിനെ വലിയ താല്പര്യമാണ്.
അച്ചടക്കനടപടി തീർപ്പാക്കുന്നതിലും ഇതേ ഇരട്ടത്താപ്പാണ് സർക്കാർ കാണിക്കുന്നത്. പൊലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വർഷങ്ങളോളം നീട്ടിക്കൊണ്ട് പോകും. എന്നാൽ ഐപിഎസ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കെതിരായ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ ഇവരെ തിരിച്ചെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സി. ബി.ഐ. അന്വേഷണ ഉത്തരവ് വൈകിപ്പിച്ചതിന് സസ്പെൻഷനിലായിരുന്ന മൂന്ന് സെക്രട്ടേറിയറ്റ് ജീവനക്കരെ തിരിച്ചെടുത്തു. ഒന്നരമാസം മാത്രമാണ് ഇവർ സസ്പെൻഷനിൽ കഴിഞ്ഞത്. മാർച്ച് 26-നാണ് ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി അടക്കം മൂന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
ഏഴ് ഡിവൈ.എസ്.പി.മാർ മാസങ്ങളായി സസ്പെൻഷനിലാണ്. പലതും നിസാര കുറ്റങ്ങൾ മാത്രമാണ്. എറണാകുളത്ത് 16 മാസമായി ഒരു ഡിവൈഎസ്പി. സസ്പെൻഷനിലാണ്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവുകൾ ലഭിച്ചിട്ടും ഇദ്ദേഹത്തെ സർക്കാർ തിരിച്ചെടുത്തില്ല. തിരുവനന്തപുരത്ത് ഒരു പ്രതി നടത്തിയ പത്രസമ്മേളനത്തിൽ, തനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് ഡിവൈഎസ്പിമാർ 15 മാസമായി സേനയ്ക്ക് പുറത്താണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒരാളെ തിരിച്ചെടുത്തത് കഴിഞ്ഞ ദിവസമാണ്. ഈ ഇരട്ടത്താപ്പും ജോലിയിലെ അമിത സമ്മർദ്ദവുമാണ് പോലീസ് ഉദ്യോഗസ്ഥർ വിആർഎസ് എടുക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നതിന് പുറകിലെ യാഥാർത്ഥ്യം
ഐപിഎസുകാർക്ക് എതിരെയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കെതിരേയും നടപടിയെടുക്കാൻ സർക്കാരിന് പേടിയാണ്. വലിയ പിടിപാട് ഇല്ലാത്ത സാദാ ഉദ്യോഗസ്ഥരായാൽ എന്തും ചെയ്യാം, ആര് ചോദിക്കാൻ. പേരിനൊരു സംഘടനയുളളത് സർക്കാരിനെ സുഖിപ്പിക്കാനുള്ളതാണെന്ന് പൊലീസുകാർ തന്നെ പറയുന്നു.
കഴിഞ്ഞ നാളുകളിൽ നടപടിക്ക് വിധേയമായത് സിപിഒ മുതൽ ഡിവൈഎസ്പി വരെയുള്ള 63 പേരാണ് .
ഒട്ടുമിക്ക വിവാദ കേസുകളിലും ഓരോ പോലീസ് ഉദ്യോഗസ്ഥരുടെ പേര് ചേർക്കപ്പെടുന്നത് ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറുകയാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്. ഈ കേസിൽ ആരോപണ വിധേയനായ ഐ ജി ലക്ഷ്മണിനെ സസ്‌പെന്‍റ് ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് ട്രാഫിക്, ആഭ്യന്തര സുരക്ഷാ ചമുതലയുള്ള ഐ ജിയായിരുന്നു ലക്ഷ്മണ്‍. ഇദ്ദേഹത്തിന് മോന്‍സന്‍ മാവുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്നും മോന്‍സന്റെ തട്ടിപ്പിന് അദ്ദേഹം ഇടനിലക്കാരായി നിന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. എന്നാൽ ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഐജിയെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി
വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസില്‍ ആരോപണവിധേയനായിരുന്നു ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജ്. വിവാദം കത്തിപടർന്നതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.എന്നാൽ കസ്റ്റഡിയിലെടുക്കാനും ഇടിച്ച് സത്യം പറയിക്കാനും നിർദ്ദേശിച്ച എ.വി ജോർജ് പിന്നീട് ഡിഐജി വരെയായി. ഏമാന്റെ ഉത്തരവ് അനുസരിച്ച കീഴുദ്യോദ്യോഗസ്ഥരുടെ പണിയും പോയി, മാസങ്ങളോളം അകത്തുമായി
ഏറെ വിവാദമായ കേസായിരുന്നു നെടുങ്കണ്ടം കസ്റ്റഡി മരണം. കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കി സി.ബി.ഐക്ക് മുന്നിൽ രണ്ട് ഡി.വൈ.എസ്.പിമാർ മൊഴി നൽകിയിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നുവെന്ന് സി.ബി.ഐയുടെ ചോദ്യം ചെയ്യലിൽ ഡിവൈഎസ്പിമാർ മൊഴി നൽകി. എന്നാൽ അന്വേഷണം മുൻ ജില്ലാ പൊലീസ് മേധാവിയിൽ ചെന്നു തട്ടിയപ്പോൾ കേസിൽ തുടർ നടപടികൾ വൈകിപ്പിക്കുകയായിരുന്നു.
2019 ജൂൺ 12 മുതൽ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനേയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയേയും വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം അനധികൃതമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ സിബിഐ പറയുന്നത്. സമാനതകളില്ലാത്ത പോലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിക്കുന്നത്.
പുത്തൂര്‍ ഷീല വധക്കേസ് മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്നത്തെ എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി ആയിരുന്ന വിജയ് സാക്കറെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. 2010 മാര്‍ച്ച് 23 നാണു സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കോയമ്പത്തൂരില്‍ പിടിയിലായ സമ്പത്തിനെ അറസ്റ്റു രേഖപ്പെടുത്താതെ കോയമ്പത്തൂരിലെ ഇന്ത്യന്‍ ടെലികോം ഇന്‍ഡസ്ട്രീസ് ഗസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ചു. പിടിയിലായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
പൊലീസിലെ പിരിച്ചുവിടൽ ലിസ്റ്റിൽ സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈഎസ്പി വരെയുള്ളവർ മാത്രമേയുണ്ടാകുവെന്ന തിരിച്ചറിവ് പൊലീസുകാർക്ക് ഉണ്ടാകാത്തതാണ് പ്രശനം ! ഈ തിരിച്ചറിവ് പോലീസുകാർക്ക് ഉണ്ടാകുന്ന കാലത്ത് പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണവും തല്ലിക്കൊലയും ഒഴിവാകും.