
സ്വന്തം ലേഖിക
കൊച്ചി: കാക്കനാടുള്ള ടോണിക്കോ കഫേയില്‍ നിന്നു വാങ്ങിയ ചിക്കന്‍ സാലഡില്‍ ചത്ത പുഴു.
ചിത്രമടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ട് കഫേക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുവതി. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതുമാത്രമല്ല ഇതേക്കുറിച്ച് ജീവനക്കാരെ അറിയിച്ചപ്പോള്‍ ‘ഇതൊരു ചെറിയ തെറ്റല്ലേ പ്രശ്നമാക്കണ്ട കാര്യമുണ്ടോ’, എന്നായിരുന്നു മറുപടിയെന്നും യുവതി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിക്കന്‍ സാലഡില്‍ ചത്ത പുഴു കിട്ടിയ സംഭവത്തില്‍ സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ രേഖാമൂലം പരാതി നല്‍കിയെന്ന് യുവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
“ഇന്ന് ടോണിക്കോ കഫേയില്‍ ഞാന്‍ ലഞ്ച് കഴിക്കാന്‍ പോയി. ചിക്കന്‍ സാലഡ് കഴിച്ച് പകുതിയായപ്പോഴാണ് അതില്‍ നൂല് പോലെ എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതോരു ചത്ത പുഴു ആണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ വിളിച്ച് ഇത് കാണിച്ചു. എന്നിട്ട് ചേട്ടാ എന്താണിത് എന്ന് ചോദിച്ചു. അയാള്‍ ഒന്നും പറയാതെ എന്റെ പ്ലേറ്റ് അടുക്കളയിലേക്ക് കൊണ്ടുപോയി. ഞാന്‍ അയാളുടെ പിറകേ ചെന്ന് തടഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരെല്ലാം വന്നു. അവരെയും ഞാന്‍ പ്ലേറ്റ് കാണിച്ചു. ഉത്തരവാദിത്വമുള്ള ആരെങ്കിലും ഉണ്ടോ സംസാരിക്കാനെന്ന് തിരക്കി..
ഉടന്‍ അവര്‍ ഷെഫിനെ വിളിച്ചു, ഓ ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതാണോ നിങ്ങള്‍ വിളമ്പുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ ഇതൊരു ചെറിയ തെറ്റല്ലേ ഇത്ര പ്രശ്നമാക്കണ്ട കാര്യമുണ്ടോയെന്നും അയാള്‍ ചോദിച്ചു.
നിങ്ങളുടെ ചെറിയ തെറ്റ് ഏകദേശം 3സെന്റീമീറ്റര്‍ വലുപ്പമുള്ളതാണ്, അത് എന്റെ ഭക്ഷണത്തിലാണുള്ളത് അതുകൊണ്ട് എനിക്കിതൊരു വലിയ കാര്യമാണെന്ന് അവരെ അറിയിച്ചു.
പ്രശ്‌നം വഷളാകുന്നത് കണ്ടപ്പോള്‍ സ്റ്റാഫിലുള്ള ആരോ ഒരാള്‍ പ്ലേറ്റിലുണ്ടായിരുന്ന ഭക്ഷണം കളഞ്ഞു, അത് കളയരുതെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. ന്യായങ്ങള്‍ പറയുന്നതിന് പകരം മാപ്പ് പറയാന്‍ പോലും തയാറായില്ല. തുടര്‍ന്ന് വേറെ ഓഡര്‍ നല്‍കാമെന്നാണ് ടോണിക്കോ കഫേ അധികൃതര്‍ പറഞ്ഞത്.
ഇതു നിഷേധിച്ച് നിയമപരമായി നീങ്ങുമെന്ന് അപ്പോള്‍ തന്നെ അവരോട് വ്യക്തമാക്കിയിരുന്നുവെന്ന് യുവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഉടന്‍ തന്നെ അവര്‍ അവരുടെ ജനറല്‍ മാനേജറെ വിളിച്ചുവരുത്തി. അയാള്‍ എത്താന്‍ തന്നെ ഏകദേശം അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു. അയാള്‍ ജീവനക്കാര്‍ക്കുവേണ്ടി മാപ്പ് പറഞ്ഞു. പക്ഷെ വീണ്ടും അവര്‍ വൃത്തിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും പച്ചക്കറിയില്‍ കാണാതെപോകുന്ന പുഴുക്കള്‍ ഉണ്ടാകാറുണ്ട്, ഇതൊരു മനുഷ്യസഹജമായ തെറ്റാണെന്നുമൊക്കെ ന്യായീകരിച്ചു.