യുവസംവിധായക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് സംഘം നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും, കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വര്‍ധിച്ചത്
തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് സംഘം നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും.സാക്ഷികള്‍ക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാര്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരില്‍ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്.
സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടതിനാല്‍ തെളിവ് ശേഖരണം ഉള്‍പ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ ആല്‍ത്തറയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.യുവസംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു.
നയന മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ അന്വേഷണത്തിലെ നിര്‍ണായക തെളിവാണ് മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങള്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മരണമായതിനാല്‍ അന്വേഷണത്തില്‍ വസ്ത്രം ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തേണ്ട ഫൊറന്‍സിക് പരിശോധന ഏറെ നിര്‍ണായകവുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്ന് പുതിയ അന്വേഷണസംഘം ആരോപിച്ചിരുന്നു. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വര്‍ധിച്ചത്. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമര്‍ശനങ്ങളും ശക്തമാണ്. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.