ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയ ഹോട്ടൽ അനുവാദമില്ലാതെ തുറന്നു, പരിശോധനക്കായി പൊലീസ് അകമ്പടിയില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹോട്ടല്‍ ജീവനക്കാരുടെ വക തടയലും ഭീഷണിയും
തൃശ്ശൂര്‍: എം ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയിരുന്നു. ഇവിടെ നിന്ന് ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ എത്തി ബുഹാരീസ് ഹോട്ടല്‍ അടപ്പിച്ചത്. മാത്രമല്ല തുറക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം എന്നും നിര്‍ദേശിച്ചിരുന്നു.
ന്യൂനതകള്‍ എല്ലാം പരിഹരിച്ച് ശേഷം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ ബുഹാരീസ് ഹോട്ടല്‍ ഉടമയോ പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഈ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി.
എന്നാല്‍ പിന്നീട് ഹോട്ടലിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. പൊലീസ് അകമ്പടിയില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞു. എന്നാല്‍ ഭീഷണി വകവെക്കാതെ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വീണ്ടും അടപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടയുന്നത് കുറ്റകരമാണ്. ഇത് പ്രകാരം പൊലീസ് കേസെടുക്കേണ്ടതുമാണ്. എന്നാല്‍ തന്റെ ജോലി ചെയ്യുന്നതില്‍ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ല എന്നും അതിനാലാണ് കേസെടുക്കാത്തത് എന്നുമാണ് ലഭിക്കുന്ന വിവരം. അതിനിടെ ഹോട്ടലിന് എതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നും ഇത് കാരണമാണ് നടപടി സ്വീകരിച്ചത് എന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ രേഖാ മോഹന്‍ പറഞ്ഞു.