അതിരമ്പുഴ തിരുനാൾ ; പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്
സ്വന്തം ലേഖകൻ
കോട്ടയം : അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24,25 തീയതികളിൽ പുലർച്ചെ 07. 18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും, ജനുവരി 24,25 തിയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന പാലരുവിയ്ക്കും സ്റ്റോപ്പ് നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ദിവസങ്ങളിൽ അതിരമ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്കും ജില്ലാകേന്ദ്രത്തിലേയ്ക്കും കെ എസ് ആർ ടി സി പ്രത്യേക ബസ് സൗകര്യവും ഒരുക്കുന്നുണ്ട്.
ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ ട്രെയിനുകളും നിർത്തുന്ന സമയവും :
എറണാകുളം ഭാഗത്തേയ്ക്ക്…
____________________________
16347 മംഗലാപുരം എക്സ്പ്രസ്സ് പുലർച്ചെ 12:05 (00:05)
16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ് രാവിലെ 07.18
16629 മംഗലാപുരം മലബാർ എക്സ്പ്രസ്സ് രാത്രി 10.30 (22:30)
കൊല്ലം ഭാഗത്തേയ്ക്ക്…
____________________________
16630 തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് പുലർച്ചെ 04 18
16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് രാത്രി 07 50 (19:50)
കഴിഞ്ഞ വർഷം പുറപ്പെടുന്ന ട്രെയിനുകളുടെ തിയതികളിലെ വ്യത്യാസം മൂലം പാലരുവി,മലബാർ എക്സ്പ്രസ്സുകൾ ഫലത്തിൽ 25, 26 തിയതികളിലാണ് സ്റ്റോപ്പ് ലഭിച്ചത്. ട്രെയിൻ കാത്തുനിന്ന നിരവധി യാത്രക്കാരെ നോക്കുകുത്തിയാക്കി കഴിഞ്ഞ വർഷം ജനുവരി 24 ന് ട്രെയിൻ നിർത്താതെ കടന്നുപോയപ്പോൾ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നുണ്ടായ വീഴ്ചയിൽ തോമസ് ചാഴികാടൻ എം പി ഖേദം പ്രകടിപ്പിച്ചിരുന്നു.
അതിനാലാണ് ഈ വർഷം റെയിൽവേ നോട്ടിഫിക്കേഷനിൽ വ്യക്തത വരുത്തി താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
മലബാർ, പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്ഥിരം സ്റ്റോപ്പ് അനുവദിക്കാനുള്ള ഇടപെടൽ എല്ലാ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. ജനുവരി 19 മുതൽ നിരവധി തീർത്ഥടകരാണ് അതിരമ്പുഴയിലേയ്ക്ക് പ്രവഹിക്കുന്നത്. കോവിഡിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവുണ്ടായതിനാൽ ഈ വർഷം തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്. തൊട്ടിയാട്ടവും മരണക്കിണറും ഉൾപ്പടെ തീർത്ഥാടകാരെ ലക്ഷ്യമാക്കി നിരവധി വിനോദങ്ങളും ഈ വർഷം പതിവിലും നേരത്തെ മൈതാനം കീഴടക്കിയിട്ടുണ്ട് .
ജനുവരി 19 ന് കൊടികയറിയ തിരുനാളിന് ഫെബ്രുവരി 1 ന് ഏട്ടാമിടത്തോടെയാണ് സമാപനം കുറിക്കുന്നത്. അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന കരിമരുന്നുകലാപ്രകടനം കാണുവാൻ കേരളത്തിലെ പല ജില്ലകളിൽ നിന്നും പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. പ്രദക്ഷിണ ശേഷം രാത്രി വൈകിയുള്ള വെടിക്കെട്ടിന് നിരോധനമുള്ളതിനാൽ ഈ വർഷം ജനുവരി 25 നാണ് കരിമരുന്നു കാലപ്രകടനം.