തലേന്ന് വാങ്ങിയ കുഴിമന്തി അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി;ഭക്ഷ്യവിഷബാധയേറ്റ് പത്തൊന്‍പതുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ
കാസര്‍കോട്: കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വതി കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് പത്തൊന്‍പതുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീ വെളിപ്പെടുത്തി. താനുള്‍പ്പെടെ നാലുപേര്‍ ഭക്ഷണം കഴിച്ചതായും ഇതില്‍ രണ്ടുപേര്‍ക്ക് ഛര്‍ദിയും വയറുവേദനയും ഉണ്ടായെന്നും അനുശ്രീ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഞ്ജുശ്രീ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാവിലെ കുട്ടിയ്ക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നു.
അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. അവര്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്ബു അറിയിച്ചിരുന്നു.
സംഭവത്തില്‍ അല്‍ റൊമന്‍സിയ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേര്‍ കസ്റ്റഡിയിലായിരുന്നു. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതല്‍ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്നാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി എം ഒ ഡോ രാംദാസ് പറഞ്ഞു.
മംഗലാപുരത്തെ ആശുപത്രി റിപ്പോര്‍ട്ടില്‍ നിന്ന് അതാണ് മനസിലാക്കുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.