
സ്വന്തം ലേഖകൻ
പന്തളം: ബസ്സിനുള്ളിൽ വയോധികയുടെ സ്വർണമാല പറിച്ചെടുത്ത നാടോടി സ്ത്രീയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്. അടൂർ മലമേക്കര ദീപപ്രഭ വീട്ടിൽ ഓമനക്കുട്ടിയമ്മ (74) യുടെ കഴുത്തിൽ കിടന്ന മാല ഇവർ പൊട്ടിച്ചെടുക്കുകയായിരുന്നു.
അടൂരിൽ നിന്നും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസ്സ് പന്തളം സ്റ്റാന്‍റിലെത്തിയപ്പോൾ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സക്കായി മകൾക്കൊപ്പം യാത്ര തിരിച്ചതാണ് ഓമനക്കുട്ടിയമ്മ. ഇരുന്ന് യാത്രചെയ്തുവന്ന അവരുടെ സീറ്റിനരികിൽ നിന്ന കൗസല്യ പിന്നിലൂടെ കയ്യിട്ട് മാല പൊട്ടിക്കുകയായിരുന്നു. വയോധിക ബഹളമുണ്ടാക്കിയതിനെതുടർന്ന്, പന്തളം പൊലീസ് സ്റ്റേഷനിലേക്ക് ബസ്സ് ഡ്രൈവർ ഓടിച്ചുകയറിയശേഷം വിവരം പൊലീസിനോട് പറയുകയായിരുന്നു. ലോക്കറ്റും കൊളുത്തും മാത്രമേ മോഷ്ടാവിന്റെ കയ്യിൽ കിട്ടിയുള്ളൂ. കൈക്കുള്ളിൽ ചുരുട്ടി വച്ച 02.420 ഗ്രാം തൂക്കം വരുന്ന കൊളുത്തും ലോക്കറ്റും പൊലീസ് കണ്ടെടുത്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കൊപ്പം കൂട്ടാളികൾ ഉണ്ടോ, നാടോടിസ്ത്രീക്ക് വേറെയും കേസുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.