അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; വീട്ടമ്മയും മാതാവും രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിന്‍റെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. തീ പിടിത്തത്തെ തുടര്‍ന്ന് ഗൃഹോപകരണങ്ങളും വയറിങ്ങുകളും കത്തി നശിച്ചു. രതീഷിന്‍റെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെയാണ് അപകടം. വലിയ ശബ്ദം കേട്ട് അമ്മ അംബിയെയും കൂട്ടി ആതിര വീടിന് പുറത്തിറങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടു പിന്നാലെ ഗ്യാസ് സിലിണ്ടറിന്‍റെ റഗുലേറ്റർ തീ പിടിച്ച് ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു. ഫ്രിഡ്ജ്, മിക്സി, ഇൻഡക്‌ഷൻ കുക്കർ, പാത്രങ്ങൾ, സ്വിച്ച് ബോർഡ് എന്നിവയിലേക്കും തീ പടർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ല.
തുടര്‍ന്ന് ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി. നെടുമങ്ങാട് അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതനുസരിച്ച് അവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാല് ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി രതീഷ് പറഞ്ഞു.