ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ച;നയനയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാഞ്ഞത് എന്തുകൊണ്ട് ??? മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങളും ശേഖരിക്കാഞ്ഞതിൽ ദുരൂഹത;യുവ സംവിധായികയുടെ മരണം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്;പൊലീസിന്റെ വീഴ്ച കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥ വീഴ്ചയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം സംബന്ധിച്ച്
ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല എന്നത് തന്നെ ദുരൂഹമാണ്. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നില്ല.. മുറി അകത്തുനിന്നു പൂട്ടിയെന്ന കണ്ടെത്തലും തെറ്റാണ്. നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല. വിദഗ്ധോപദേശം ഇല്ലാതെയാണു മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത്.
അടിവയറ്റിലെ പരുക്കും കഴുത്തിലെ ഒരുമുറിവും അതിഗുരുതരമെന്നും പൊലീസ് വിലയിരുത്തുന്നു. ഈ മുറിവുകളെ അടിസ്ഥാനമാക്കിയാണ് കൊലപാതകമാകാമെന്ന് ഉറപ്പിക്കുന്നത്.ആന്തരിക രക്തസ്രാവമുണ്ടന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് കാരണം അന്വേഷിച്ചിരുന്നില്ല. നയനയുടെ ഫോണ്‍ വിശദാംശങ്ങൾ ശേഖരിക്കാത്തതിനാല്‍ അവ വീണ്ടെടുക്കലും അസാധ്യമായി. കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷിക്കുമ്പോഴും മൃതദേഹം സംസ്കരിച്ചതിനാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം സാധ്യമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നയന സൂര്യയുടെ മരണം കൊലപാതകമാകാനുള്ള സാധ്യത തള്ളാനാകില്ലെന്നായിരുന്നു പുനഃപരിശോധന നടത്തിയ പൊലീസിന്റെ കണ്ടെത്തല്‍.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളെക്കുറിച്ച് പൊലീസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പുനഃപരിശോധന നടത്തിയത്.
2019 ഫെബ്രുവരി 23നാണ് നയനയെ ആല്‍ത്തറയിലുള്ള വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.നിര്‍ണായക തെളിവുകള്‍ നശിക്കാന്‍ മ്യൂസിയം പൊലീസിന്റെ വീഴ്ച കാരണമായെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.