ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നല്‍കുന്നത് 100 രൂപ നിരക്കില്‍; കുഴിമന്തി, അല്‍ഫാം, ഷവര്‍മ, സാന്‍ഡ് വിച്ച്, പഫ്സ് തുടങ്ങിയ വിഭവങ്ങളായി തീന്‍ മേശയില്‍ എത്തും; കോട്ടയത്ത് പല ഹോട്ടലുകളിലും ബേക്കറികളിലും സുനാമി ഇറച്ചി വ്യാപകം; അനങ്ങാപ്പാറ നയം തുടര്‍ന്ന് അധികൃതർ
സ്വന്തം ലേഖിക
കോട്ടയം: ഭക്ഷ്യവിഷബാധ വ്യാപകമായതോടെ സുനാമി ഇറച്ചി കോട്ടയത്ത് പല ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുന്നതായി സംശയം.
തമിഴ്നാട്ടിലെ നാമക്കല്‍, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ലോഡ് കണക്കിന് കോഴികള്‍ എത്തുന്നത്. ഒരു ലോഡില്‍ 2000 കോഴി വീതം മിനിമം അഞ്ചുലോഡ് കോഴികള്‍ ദിവസവും എത്താറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളി ,ശനി ദിവസങ്ങളില്‍ ലോഡ് കൂടും. ഇതില്‍ പത്തു ശതമാനം കോഴികള്‍ ചൂടുമൂലവും പരസ്പരം ചവിട്ടിയും കൊത്തിപ്പറിച്ചും വെള്ളവും ആഹാരവും കിട്ടാതെ ചാകും. രണ്ട് കിലോ വരുന്ന ഒരു കോഴിയ്ക്ക് വില കൂടി നില്‍ക്കുന്ന സീസണില്‍ 225 – 250 രൂപ വരെയാണ്.
ചത്ത കോഴികളെ സംസ്കരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരെണ്ണത്തിന് 100 രൂപ നിരക്കില്‍ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നല്‍കും. കുഴിമന്തി,അല്‍ഫാം, ഷവര്‍മ, സാന്‍ഡ് വിച്ച്, പഫ്സ് തുടങ്ങിയ വിഭവങ്ങളായി ഇത് തീന്‍ മേശയില്‍ എത്തും.
ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാന്‍ സാദ്ധ്യത ഇല്ലാത്ത ഭക്ഷണവിഭവങ്ങള്‍ ആയതിനാലാണ് ഭക്ഷ്യവിഷബാധയ‌്ക്ക് കൂടുതലായും കാരണമാകുന്നത്.
ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ലോട്ടര്‍ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ സ്വകാര്യ വ്യക്തികള്‍ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്.
കോട്ടയം നഗരസഭയിലെ സ്ലോട്ടര്‍ ഹൗസ് പൂട്ടിയിട്ട് വര്‍ഷങ്ങളായി ഇതിനു ശേഷം സ്വകാര്യ ഹൗസുകളില്‍ നിന്നുള്ള മാംസമാണ് നഗരത്തിലെ ഹോട്ടലുകളില്‍ എത്തുന്നത്.
ഇതിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. സുനാമി ഇറച്ചി ജില്ലയില്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും യാതൊരു വിധ പരിശോധനകളും ഭക്ഷ്യസുരക്ഷാവിഭാഗമോ, ആരോഗ്യവകുപ്പോ നടത്തിയിട്ടില്ല.