
യുവ എഴുത്തുകാരിയുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റില്‍; യുവ എഴുത്തുകാരിയുടെ പരാതിയിൽ ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ സൈബർ പൊലീസ്; പരാതി നല്‍കാന്‍ പോയപ്പോള്‍ പ്രൊഫൈല്‍ ലോക്ക് ചെയ്യാത്തിനെക്കുറിച്ച് ഉപദേശിക്കുകയാണ് പൊലീസ് ചെയ്തതെന്ന് യുവതി
സ്വന്തം ലേഖകൻ
കോട്ടയം: ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ അശ്ലീല സൈറ്റിൽ പ്രചരിക്കുന്നതിനെതിരെ യുവ എഴുത്തുകാരിയുടെ പരാതിയുമായി കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ ചിത്തിര കുസുമന്‍.
സംഭവത്തില്‍ ഒരുമാസം പിന്നിട്ടിട്ടും സൈബർ പൊലീസ് നടപടി എടുത്തിട്ടില്ല. പരാതി നൽകാനെത്തിയപ്പോൾ പൊലീസ് സദാചാര ക്ലാസെടുത്തു വിട്ടുവെന്നും പരാതിയുണ്ട്. ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ ഒരു അഡൽറ്റ് സൈറ്റിൽ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് ചിത്തിര അറിഞ്ഞത്. പരാതി കൊടുക്കാൻ ചെന്നപ്പോൾ പ്രൊഫൈൽ ലോക്ക് ചെയ്യാത്തിനെപ്പറ്റി ഉപദേശം തരികയാണ് പൊലീസ് ചെയ്തതെന്ന് ചിത്തിര പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ചെയ്തില്ലെങ്കിൽ ‘കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും. അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം’ എന്നായിരുന്നു മറുപടി. ഫെയ്സ്ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല, പിന്നല്ലേ പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും പൊലീസ് നിസ്സാരവൽക്കരിച്ചു.
അതേ സൈറ്റില്‍ മറ്റു സ്ത്രീകളുടെയും ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘നീ നിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി’ എന്നാണ് മറുപടി നല്‍കിയത്. നേരിട്ടു പരാതി സ്വീകരിച്ചില്ല. ഇമെയിലില്‍ അയയ്ക്കാനും ആവശ്യപ്പെട്ടു.
നവംബര്‍ 30ന് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. ഡിസംബര്‍ എട്ടിന് ചിത്തിര വീണ്ടും മെയില്‍ അയച്ചു. തുടര്‍ന്നും പൊലീസിനെ സമീപിച്ചപ്പോള്‍ നടപടി എടുക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും ഫോട്ടോകള്‍ ഇനിയും സൈറ്റില്‍നിന്നു നീക്കം ചെയ്തിട്ടില്ല.