play-sharp-fill
ഭരണത്തിന്റെ ഉന്നതങ്ങളിലെ സര്‍വശക്തന്‍ വിവാദ നായകനായത്  സര്‍വീസിൻ്റെ അവസാന ലാപ്പിലേക്ക് കടക്കുന്നതിന് മുന്‍പ്; മികച്ച ഉദ്യോഗസ്ഥനെന്ന ഖ്യാതിക്കുമേൽ കരിനിഴലായി സ്വര്‍ണക്കടത്ത് കേസ്;  സംഭവ ബഹുലമായ സര്‍വീസ് ജീവിതത്തിന് ശേഷം എം. ശിവശങ്കര്‍ വിരമിക്കുന്നു……!

ഭരണത്തിന്റെ ഉന്നതങ്ങളിലെ സര്‍വശക്തന്‍ വിവാദ നായകനായത് സര്‍വീസിൻ്റെ അവസാന ലാപ്പിലേക്ക് കടക്കുന്നതിന് മുന്‍പ്; മികച്ച ഉദ്യോഗസ്ഥനെന്ന ഖ്യാതിക്കുമേൽ കരിനിഴലായി സ്വര്‍ണക്കടത്ത് കേസ്; സംഭവ ബഹുലമായ സര്‍വീസ് ജീവിതത്തിന് ശേഷം എം. ശിവശങ്കര്‍ വിരമിക്കുന്നു……!

സ്വന്തം ലേഖിക

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.
ശിവശങ്കര്‍ വിരമിക്കുന്നു.

ഈ മാസം 24ന് 60 വയസ് തികയുന്ന എം. ശിവശങ്കര്‍ 31നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ‍‍ഡെപ്യൂട്ടി കളക്ടറായിരിക്കെ 1995-ല്‍ ഐ.എ.എസ് ലഭിച്ച എം.ശിവശങ്കര്‍ കായിക-മൃഗസംരക്ഷണ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെകട്ടറി ആയിരിക്കവെയാണ് സര്‍വീസ് വിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസിൻ്റെ അവസാന ലാപ്പിലേക്ക് കടക്കുന്നതിന് മുന്‍പ് വരെ മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന ശിവശങ്കര്‍ 2016ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുളള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് വിവാദങ്ങളുടെ സഹയാത്രികനായി മാറുന്നത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതിയുടെ പിന്‍ബലത്തില്‍ ആദ്യകാല വിവാദങ്ങളെയെല്ലാം അതിജീവിച്ച ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പെട്ടതോ‌ടെ അടപടലം കടപുഴകി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുളള അടുത്ത ബന്ധം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെയും ഐ.ടി. വകുപ്പിൻ്റെയും ചുമതലയില്‍ നിന്നും ശിവശങ്കറിനെ നീക്കിയിരുന്നു.

17 മാസത്തെ സസ്പെന്‍ഷന് ശേഷം 2022 ജനുവരി 6നാണ് തിരികെ സര്‍വീസില്‍ പ്രവര്‍ത്തിച്ചത്. സര്‍വീസില്‍ തിരികെയത്തിയ ശിവശങ്കറിനെ ആദ്യം കായികവകുപ്പിലാണ് നിയമിച്ചത്.

അടുത്ത ഐ.എ.എസ് പുന:സംഘടന‌യില്‍ മൃഗസംരക്ഷണ വകുപ്പിൻ്റെ അധിക ചുമതല കൂടി കൊടുത്ത സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും ശിവശങ്കറിന് ഒപ്പമുണ്ടെന്ന സൂചനയാണ് നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസിൻ്റെ പേരില്‍ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പുസ്തകം എഴുതിയും സര്‍ക്കാരിനെ വിവാദത്തിലാക്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.”അശ്വത്ഥാമാവ് വെറും ആനയല്ല” എന്ന പേരിലുളള ശിവശങ്കറിൻ്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ പ്രകോപിതയായി ആദ്യം ടെലിവിഷന്‍ അഭിമുഖങ്ങളിലൂടെയും പിന്നെ ” ചതിയുടെ പത്മവ്യൂഹം” പുസ്തകമെഴുതിയും സ്വപ്ന സുരേഷ് മുഖ്യമന്ത്രിയേയും മുന്‍ മന്ത്രിമാരെയും മുള്‍മുനയില്‍ നിര്‍ത്തിയതോടെ ഭരണമുന്നണിയിലെ നേതാക്കള്‍ വീണ്ടും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.