
രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്;മന്ത്രി പി.രാജീവും ജോണ്‍ ബ്രിട്ടാസ് എം.പിയും സ്പീക്കര്‍ എ.എന്‍. ഷംസീറും
സ്വന്തം ലേഖകൻ
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പി സര്‍ക്കാറിനും സംഘ്പരിവാറിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി പി.രാജീവും ജോണ്‍ ബ്രിട്ടാസ് എം.പിയും സ്പീക്കര്‍ എ.എന്‍. ഷംസീറും. നവോത്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാജീവും ബ്രിട്ടാസും രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ആര്‍.എസ്.എസുമായി സംവദിച്ച് അവരുടെ സംസ്കാരം മാറ്റിയെടുക്കാനാകുമോ എന്ന് ജോണ്‍ ബ്രിട്ടാസ് വേദിയിലുണ്ടായിരുന്ന മുജാഹിദ് നേതാക്കളെ ചൂണ്ടി ചോദിച്ചു. രാജ്യം അതി ഗൗരവതരമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. മുസ്ലിം നാമധാരിയായ ഒരാള്‍പോലും പാര്‍ലമെന്‍റില്‍ ഇല്ലാത്ത കക്ഷിയാണ് ഇന്ത്യ ഭരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകീകൃത സിവില്‍കോഡ് വേണമെന്ന് വാദിക്കുന്നവര്‍ ഭരിക്കുമ്പോൾ ക്രിമിനല്‍ നിയമം പോലും മതത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നു. അതാണ് മുത്തലാഖ് നിയമം. പൗരത്വ നിയമഭേദഗതി നിയമവും ഇതുപോലെതന്നെ. ഈ സാഹചര്യത്തില്‍ ഭരണഘടന സംരക്ഷിക്കുകയാണ് നമ്മുടെ പ്രധാന ദൗത്യമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ അവിടുത്തെ 10 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തില്‍നിന്ന് എം.എല്‍.എ പോലും ബി.ജെ.പിക്കില്ലെന്ന് മാത്രമല്ല, എല്ലാവര്‍ക്കുംകൂടി ഒരു മുസ്ലിം അംഗം മാത്രമാണുള്ളതെന്നത് ഗൗരവമായി കാണണമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ആര്‍.എസ്.എസുമായുള്ള സംവാദത്തിലൂടെ അവരുടെ തനതായ സംസ്കാരം മാറ്റാന്‍ കഴിയുമെന്ന് മുജാഹിദ് നേതൃത്വം കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മറുപടി പറയാന്‍ വിമുഖത കാണിക്കരുതെന്നും ഉറക്കെ പറയണമെന്നും വേദിയിലുണ്ടായിരുന്ന നേതാക്കളെ നോക്കി ബ്രിട്ടാസ് പറഞ്ഞു.രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ജനവിഭാഗം അത്രവലിയ അരക്ഷിതാവസ്ഥയാണ് അഭിമുഖീകരിക്കുന്നത്.യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ പോലും ഇങ്ങനെയൊരു സ്ഥിതിവിശേഷമില്ലെന്നും ബ്രിട്ടാസ് തുടര്‍ന്നു.
ഇന്ത്യയെ ഏകമത രാഷ്ട്രമാക്കാന്‍ ബി.ജെ.പി നേതൃത്വത്തില്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് സെക്യുലര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ആള്‍ക്കൂട്ടക്കൊല നിത്യസംഭവമായി. ഇഷ്ടമില്ലാത്ത മതക്കാരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുന്നു. രാജ്യത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ് ഉയര്‍ത്തുകയാണ് വേണ്ടത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുമമ്പോൾ മറുഭാഗത്ത് ഇസ്ലാമിന്‍റെ പേരില്‍ ഭീകരവാദവും തീവ്രവാദവും ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ മുജാഹിദ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.