play-sharp-fill
വാഹനം ഇടിച്ച് യുവാവ് മരണപ്പെട്ട സംഭവം ; നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറേയും ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടി ; പിടിയിലായത് ബീഹാർ സ്വദേശി

വാഹനം ഇടിച്ച് യുവാവ് മരണപ്പെട്ട സംഭവം ; നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറേയും ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടി ; പിടിയിലായത് ബീഹാർ സ്വദേശി

കൊച്ചി: വാഹനം ഇടിച്ച് യുവാവ് മരണപ്പെട്ട കേസില്‍ നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറേയും പിടികൂടി. ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഡ്രൈവർ പോലീസിന്റെ പിടിയിലാകുന്നത്. ബീഹാർ സ്വദേശി രോഹിത് കുമാർ മഹാതോ (31) യെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മെയ് 24 ന് രാത്രി 1.30 ന് നെടുമ്പാശേരി അത്താണിയിലാണ് യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയത്. ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി ഉദയ്കുമാറാണ് അപകടത്തിൽ മരിച്ചത്. നിര്‍ത്താതെ പോയ വാഹനം അമിത വേഗത്തിലായതിനാലും സമീപത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാലും വാഹനം കണ്ട് പിടിക്കുക ബുദ്ധിമുട്ടായി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി ആയിരത്തിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചു. അമ്പതിലേറെ വ്യവസായ സ്ഥാപനങ്ങൾ, ഇരുന്നൂറിലേറെ വാഹന ഉടമകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഒടുവിൽ അങ്കമാലിയിലെ ഇൻഡസ്ട്രിയൽ ഏരിയായിൽ നിന്നുമാണ് ഗുഡ്സ് വാഹനത്തേയും ഡ്രൈവറേയും പിടികൂടിയത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ ഡിവൈഎസ്പി പി കെ ശിവൻകുട്ടി ഇൻസ്പെക്ടർ സോണി മത്തായി, എസ് ഐ ആർ.ജയപ്രസാദ്, എഎസ്ഐ ബിജേഷ്, എസ്സിപിഒ റോണി അഗസ്റ്റിൻ, സിപിഒ എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍റ് ചെയ്തു.