കരളിലെ ക്യാന്‍സർ; അതിനൂതന ചികിത്സാ പദ്ധതിയുമായി കോട്ടയം ഭാരത്‌ ഹോസ്‌പിറ്റല്‍; ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സംഘം

Spread the love

സ്വന്തം ലേഖിക

കോട്ടയം: കരളിലെ ക്യാന്‍സറിനുള്ള അതിനൂതന ചികിത്സാ പദ്ധതിയുമായി കോട്ടയം ഭാരത്‌ ഹോസ്‌പിറ്റല്‍.

കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത് രോഗം മൂര്‍ച്ഛിച്ച്‌ ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ ശസ്ത്രക്രിയയോ റേഡിയേഷനോ കീമോതെറാപ്പിയോ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാവും. ഇത്തരം രോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ട്രാന്‍സ് ആര്‍ട്ടീരിയല്‍ റേഡിയോ എംബൊളൈസേഷന്‍(ടിഎആര്‍ഇ) ചികിത്സാ രീതിയാണ്‌ ആശുപത്രിയില്‍ നടപ്പിലാക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂക്ലിയര്‍ മെഡിസിന്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, കരള്‍രോഗ ശസ്ത്രക്രിയാ വിദഗ്ധര്‍ തുടങ്ങിയ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

കരളിലെ മുഴകള്‍ എവിടെയെന്ന് കൃത്യമായി നിര്‍ണയിച്ച്‌ ആ മുഴകളിലേക്കുള്ള രക്തക്കുഴലുകളില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്‌. ചികിത്സ ആരംഭിച്ചതിന്‌ പിന്നാലെ കരളില്‍ 8 സെ.മീ. വലുപ്പമുള്ള മുഴയുള്ള രോഗിയുടെയും, കരളില്‍ ഇരുവശങ്ങളിലായി അഞ്ചിലേറെ മുഴകളുണ്ടായിരുന്ന മറ്റൊരു രോഗിയുടെയും ചികിത്സ വളരെ വിജയകരമായി പൂര്‍ത്തീകരിച്ചു.

ഡോ. അജിത് ഷിന്റോ, ഡോ. കുരുവിള വര്‍ക്കി, ഡോ. അശ്വിന്‍, ഡോ. അബ്ദു നിസ്സാര്‍, ഡോ. ബിഗ്ഗ്സ് ശരവണന്‍, ഡോ. അനൂപ് സി ഹരിദാസ്, ഡോ. മുരളി അപ്പുക്കുട്ടന്‍ തുടങ്ങിയ സംഘമാണ് ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കുന്നതെന്ന്‌ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് വിശ്വനാഥന്‍ അറിയിച്ചു.