പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു; പോക്സോ കേസിൽ ഒളിവിൽ പോയ യുവാവ് പിടിയിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി പൊങ്ങംപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ പ്രദീപ് മകൻ ദീപു എം പ്രദീപ് (19) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയും സുഹൃത്തും കൂടി കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് എത്തി ശല്യം ചെയ്യുകയും ചീത്തവിളിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോവുകയും ചെയ്തു.
അതിജീവിതയുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി സ്വദേശിയായ വിശ്വജിത്തിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ദീപുവിന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് ഇയാളെ കുമരകം ഭാഗത്ത് നിന്നും അന്വേഷണസംഘം പിടികൂടുന്നത്. ദീപുവിന് കോട്ടയം ഈസ്റ്റ്, മണര്‍കാട്,പാമ്പാടി,വാകത്താനം എന്നി സ്റ്റേഷനുകളില്‍ അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ ശ്രീജിത്ത് എസ്.ഐമാരായ അനുരാജ്, അഖിൽ, സി.പി.ഓ മാരായ പ്രതീഷ് രാജ്,അജിത്, വിപിൻ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.