
കാർത്തികോത്സവം കഴിഞ്ഞു മടങ്ങവേ ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം ; ആറുപേർക്ക് ദാരുണാന്ത്യം ; മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം
ചെന്നൈ: ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങവേ അപകടത്തിൽപ്പെട്ട് 6 പേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത് . അഞ്ച് പേർക്ക് പരിക്കേറ്റു. ചന്ദ്രശേഖർ (70), ശശികുമാർ (30), ദാമോധരൻ (28), ഏഴുമലൈ (65), ഗോകുൽ (33), ശേഖർ (55) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കാർത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരാണ് കൊല്ലപ്പെട്ടത്. മിനി ട്രക്കിൽ 15-ലധികം പേർ ഉണ്ടായിരുന്നു. പുലർച്ചെ 3.15 ഓടെ മധുരാന്തകത്തിന് സമീപം ജാനകിപുരത്തിന് സമീപം ചെന്നൈ-ട്രിച്ചി ദേശീയപാതയിലാണ് അപകടം. മിനിലോറിയിൽ ഉണ്ടായിരുന്നവര്‍ പല്ലാവരം പൊളിച്ചാലൂർ സ്വദേശികളായ തൊഴിലാളികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു.