
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ അനധികൃതമായി ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുവെന്ന് തേർഡ് ഐ ന്യൂസ് വാർത്ത നൽകി മണിക്കൂറുകൾക്കുള്ളിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ റെയ്ഡ്; അഞ്ച് ഗാർഹിക പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു; തേർഡ് ഐ ന്യൂസ് ഇംപാക്ട്
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ സിവിൽ സപ്ലൈസ് വകുപ്പ്
നടത്തിയ വ്യാപക റെയ്ഡിൽ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
പൊതുവിപണിയിലും ഹോട്ടലുകളിലും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് തേർഡ് ഐ ന്യൂസ് വാർത്ത നൽകി മണിക്കൂറുകൾക്കുള്ളിലാണ് റെയ്ഡ്. തിരുവാര്‍പ്പ് ഇല്ലിക്കല്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവീണ ഹോട്ടലില്‍ നിന്നാണ് അഞ്ച് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളും ഒരു ഗാര്‍ഹിക പാചകവാതക കണ്‍സ്യൂമര്‍ കാര്‍ഡും പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് സപ്ലൈ ഓഫീസര്‍ ചിന്നമ്മ സാമുവല്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ആര്. എസ് ഷിബു, പി. ഷാജി, ജോമി ജോണ്‍, വി.ആര്. സ്മിത എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കോട്ടയം നഗരത്തിലെ മുപ്പതോളം ഹോട്ടലുകളിലാണ് ഇത്തരത്തിൽ അനധികൃതമായിട്ട് ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾ പുതിയ സിലിണ്ടർ ബുക്ക് ചെയ്ത് മാസങ്ങൾ കഴിഞ്ഞാണ് ഗ്യാസ് ലഭിക്കുന്നത്. എന്നാൽ ഹോട്ടലുകളിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ എത്ര വേണമെങ്കിലും അനായാസം കിട്ടും.
ചുങ്കം, തിരുവാർപ്പ്, കളത്തിപ്പടി സ്വദേശികളാണ് അനധികൃതമായി നഗരത്തിൽ ഗ്യാസ് വിൽപ്പന നടത്തുന്നത്. ഭാരത് കമ്പനിയുടെ ഗാർഹിക സിലിണ്ടറുകളാണ് ഇത്തരത്തിൽ മറിച്ച് വിൽക്കുന്നത്. മറ്റു ജില്ലകളിൽ ഇത്തരത്തിൽ ഗ്യാസ് വിൽപ്പന തടയാൻ വ്യാപകമായി റെയ്ഡ് നടക്കാറുണ്ടെങ്കിലും കോട്ടയം നഗരത്തിൽ പേരിന്
പോലും റെയ്ഡ് നടത്താറില്ലായിരുന്നു. ഇത് ഹോട്ടലുടമകൾക്കും സഹായകമായിരിന്നു.
ഹോട്ടൽ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കേണ്ടത് 19 കിലോയുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറാണ്. എന്നാൽ 14 കിലോയുടെ ഗാർഹികാവശ്യത്തിനുള്ള ഗ്യാസിന് സബ്സിഡി അടക്കം വിലക്കുറവുണ്ട്. ഈ ലാഭമാണ് ഇത്തരത്തിലുള്ള ഗ്യാസ് ഉപയോഗത്തിന് ഹോട്ടലുടമകളെ പ്രേരിപ്പിക്കുന്നത്.
എന്നാൽ നഗരത്തിലെ ബഹുഭൂരിപക്ഷം ഹോട്ടലുകളിലും വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. ചുരുക്കം ചില ഹോട്ടലുകളാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ ഉപയോഗിക്കുന്നത്. ഇതിൻ്റെ പിന്നിൽ വൻ തോതിലുള്ള അനധികൃത ഇടപാടാണ് നടക്കുന്നത്.
ഗാർഹിക ഉപഭോക്തകൾക്ക് കൊടുക്കേണ്ട ഗ്യാസാണ് ഹോട്ടലുകൾക്ക് മറിച്ചുവിൽക്കുന്നത്. കോട്ടയം നഗരത്തിൽ മാത്രം ഇത്തരത്തിൽ ഏകദേശം 75 ലധികം സിലിണ്ടറുകൾ പ്രതിദിനം മറിച്ച് വിൽക്കുന്നതായാണ് കണക്ക്.