നിപ്പാ വൈറസ്; രോഗലക്ഷണളോടെ രണ്ടുപേർ മരച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
നിപ്പ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല. ഇതിനിടയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇതുവരെ 12 പേരാണ് മരിച്ചതിൽ നാല് പേരിൽ മാത്രമാണ് നിപാ വൈറസ് സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറസ് സംബന്ധിച്ച ആശങ്ക പരക്കുന്നതിനിടെ സ്ഥിതി വിലയിരുത്താൻ മറ്റൊരു കേന്ദ്ര മെഡിക്കൽ സംഘം ഇന്ന് കോഴിക്കോട് പരിശോധന നടത്തും. നാല് പേരടങ്ങുന്ന വിദഗ്ദ സംഘം ചങ്ങരോത്ത് മരണം നടന്ന വീടും പരിസര പ്രദേശങ്ങളും സന്ദർശിക്കുമെന്നാണ് വിവരം. കേന്ദ്ര വെറ്റിനറി മെഡിക്കൽ സംഘവും സ്ഥലത്ത് എത്തുന്നുണ്ട്. വൈറസ് ബാധിച്ച മറ്റൊരാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മരിച്ച സാലിഹിന്റെയും സാബിത്തിന്റെയും അച്ഛൻ വളച്ചുകെട്ടി വീട്ടിൽ മൂസ ആണ് ചികിത്സയിലുള്ളത്. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാവരും കിണറുകൾ വൃത്തിയായി മൂടണമെന്നും സംഘത്തിലെ വിദഗ്ദ്ധർ നിർദേശിച്ചു. പ്രതിരോധശേഷി കൂടിയ വ്യക്തികളെ നിപ വൈറസ് ബാധിക്കില്ലെന്നും ഇന്ത്യയിൽ ഇത് മൂന്നാം തവണയാണ് നിപ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതെന്നും അവർ അറിയിച്ചു.