ലോകകപ്പിൽ വീണ്ടും അട്ടിമറി ; കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും മുൻ ലോക ചാമ്പ്യന്മാർക്കും പ്രീ ക്വാർട്ടർ കാണാതെ മടക്കം; ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും
ദോഹ : കോസ്റ്ററിക്കയ്ക്കെതിരെ വിജയം കൈവരിച്ചിട്ടും പ്രീ ക്വാർട്ടർ നഷ്ടമായി ജർമനി. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും മുൻ ലോക ചാമ്പ്യൻമാരുകൂടിയായ ജർമനിക്ക് കളം വിടേണ്ടി വന്നു.
കോസ്റ്ററിക്കയെ കളിയിൽ തോൽപ്പിച്ചെങ്കിലും, സ്പെയിനെ ജപ്പാൻ അട്ടിമറിച്ചതോടെയാണ് ജർമനിക്കും മടങ്ങേണ്ടി വന്നത്. മൂന്നു കളികളിൽനിന്ന് സ്പെയിനൊപ്പം നാലു പോയിന്റായെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതാണ് ജർമനിയ്ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ഇയിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി.
തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ജര്‍മനി 10-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോൾ നേടി. സെര്‍ജിയോ നബ്രിയാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്. ഗോളിന് പിന്നാലെ ജര്‍മനി ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടാം പകുതിയില്‍ കോസ്റ്ററീക്കയും ആക്രമണം അഴിച്ചുവിട്ടു. 58-ാം മിനിറ്റില്‍ ജര്‍മനിയെ ഞെട്ടിച്ച് കോസ്റ്ററീക്കന്‍ പ്രതിരോധ താരം വാസ്റ്റന്റെ ഹെഡ്ഡര്‍. എന്നാൽ പന്ത് ഗോളിയുടെ കയ്യിൽനിന്നും വഴുതിപ്പോയി. അവസരം മുതലാക്കിയ വാൽവെർഡ് പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
70ാം മിനിറ്റിൽ കോസ്റ്ററിക്കയുടെ അടുത്ത ഗോൾ. 73ാം മിനിറ്റിൽ ഹാവെട്സ് ഗോൾ മടക്കി കോസ്റ്ററിക്കയ്ക്കൊപ്പമെത്തി. മുന്നേറ്റം തുടര്‍ന്ന ജര്‍മനി 85ാം മിനിറ്റിലും 89ാം മിനിറ്റിലും ഗോള്‍ വല കുലുക്കി. പക്ഷേ നോക്കൗട്ടിലേക്ക് കടക്കാന്‍ അത് മതിയായിരുന്നില്ല. ഇതോടെ ജർമനിക്ക് നിരാശയോടെ കളം വിടേണ്ടി വന്നു.
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, അതിനു മുൻപു കളിച്ച 16 ലോകകപ്പുകളിലും ജർമനി നോക്കൗട്ടിൽ പ്രവേശിച്ചിരുന്നു.