play-sharp-fill
വിഴിഞ്ഞം പദ്ധതിയില്‍ നിന്നും  പിന്നോട്ടില്ല; ഏത് വേഷത്തില്‍ വന്നാലും ഒരു നീക്കവും നടക്കില്ല; പദ്ധതി ഉപേക്ഷിച്ചാല്‍ നഷ്ടപ്പെടുന്നത് കേരളത്തിന്റെ വിശ്വാസ്യത;   പ്രതിഷേധത്തിനെതിരെ നിലപാടറിയിച്ച്‌ മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല; ഏത് വേഷത്തില്‍ വന്നാലും ഒരു നീക്കവും നടക്കില്ല; പദ്ധതി ഉപേക്ഷിച്ചാല്‍ നഷ്ടപ്പെടുന്നത് കേരളത്തിന്റെ വിശ്വാസ്യത; പ്രതിഷേധത്തിനെതിരെ നിലപാടറിയിച്ച്‌ മുഖ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പദ്ധതി നിര്‍ത്തലാക്കണം എന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്ന് അദ്ദേഹം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന പൊതുപരിപാടിയ്ക്കിടയില്‍ പറഞ്ഞു. സമരസമിതിയുടെ മറ്റെല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതി പകുതി വഴിയില്‍ നിര്‍ത്തിവെച്ചാല്‍ അത് മോശം സന്ദേശമായിരിക്കും നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധം വേറെ തലത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്നും നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്നും ഇത് വഴി പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാന്‍ ആകില്ല. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരും.

ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സര്‍ക്കാര്‍ വന്നു എന്ന പേരില്‍ നിര്‍ത്തലാക്കാന്‍ കഴിയില്ല. അങ്ങനെ പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശമാകും നല്‍കുക.

പദ്ധതിയില്‍ അഭിപ്രായ വ്യത്യാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. നടപ്പിലാക്കിയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് പറഞ്ഞിട്ടുണ്ട്.

സമരസമിതി നേതാക്കള്‍ തന്നെ കാണാന്‍ വന്നു. അനൗദ്യോഗികമായിട്ടാണ് സമരസമിതി നേതാക്കള്‍ എത്തിയത്. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നതാണ്. അന്ന് നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.