സ്വന്തം ലേഖിക
മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പൈലറ്റ് അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ നാല് നഗരങ്ങളില്‍ റിസര്‍വ് ബാങ്ക് തുടക്കമിടും.
മുംബയ്, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍. ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് ആദ്യം സേവനം ലഭിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റല്‍ രൂപമാണ് e₹-R. ഡിജിറ്റല്‍ റുപ്പിയുടെ ഹോള്‍സെയില്‍ പൈലറ്റ് സേവനത്തിന് നവംബര്‍ ഒന്നിന് റിസര്‍വ് ബാങ്ക് തുടക്കമിട്ടിരുന്നു.
ഡിജിറ്റല്‍ റുപ്പിയും ഉപയോഗവും
ബാങ്കുകള്‍ വഴിയാണ് ഡിജിറ്റല്‍ വാലറ്റുകളിലൂടെ റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി വിതരണം ചെയ്യുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊബൈല്‍ഫോണ്‍/ഡിജിറ്റല്‍ ഡിവൈസുകളില്‍ ഇവ സൂക്ഷിക്കാം. വ്യക്തികള്‍ തമ്മിലും (പി2പി) വ്യക്തികളും വ്യാപാരികളും തമ്മിലും (പി2എം) ഇടപാട് നടത്താം. കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്‌ത് പേമെന്റുകള്‍ നടത്താം. ഡിജിറ്റല്‍ റുപ്പി അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് ബാങ്കുകളില്‍ നിന്ന് പലിശയൊന്നും കിട്ടില്ല.
വരുന്നൂ കൊച്ചിയിലേക്കും
ആദ്യഘട്ടത്തിലെ 4 നഗരങ്ങളിലെ ഒരുമാസത്തെ സേവനം വിലയിരുത്തി കോട്ടങ്ങള്‍ പരിഹരിച്ചും മികവുകള്‍ കൂട്ടിയും രണ്ടാംഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഡിജിറ്റല്‍ കറന്‍സി എത്തിക്കും. അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്‌നൗ, പാട്‌ന, ഷിംല എന്നിവയാണ് കൊച്ചിക്ക് പുറമേ അടുത്തഘട്ടത്തിലെ നഗരങ്ങള്‍.
എന്താണ് ഡിജിറ്റല്‍ റുപ്പി?
സുരക്ഷിതത്വമോ നിയന്ത്രണമോ ഇല്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്ക് തടയിടാനും പേമെന്റ് സേവനങ്ങള്‍ സജീവമാക്കാനും റിസര്‍വ് ബാങ്ക് ഒരുക്കുന്നതാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) എന്ന ഡിജിറ്റല്‍ റുപ്പി. ഡിജിറ്റല്‍ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ല. നിലവിലെ പേമെന്റ് സംവിധാനങ്ങള്‍ തുടരും.
ബ്ളോക്ക് ചെയിന്‍, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോള്‍സെയില്‍, റീട്ടെയില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മേല്‍നോട്ടമുണ്ടെന്നതാണ് മികവ്. ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ട് വേണ്ട.