
വീട്ടമ്മയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചു; പായിപ്പാട് സ്വദേശി തൃക്കൊടിത്താനം പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: വീട്ടമ്മയുടെ പണം അപഹരിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
പായിപ്പാട് കൊച്ചുപള്ളി ഭാഗത്ത് വടക്കേപ്പുറം വീട്ടിൽ ദേവസ്യ മകൻ ജിമ്മി ദേവസ്യ(59) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്തുള്ള വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ പണം അടങ്ങിയ ബാഗ് അപഹരിച്ചുകൊണ്ട് പോവുകയായിരുന്നു. സുഹൃത്തുക്കളായ ഇവർ കാറിൽ ഒരുമിച്ചു വരുന്ന സമയം വീട്ടമ്മയുടെ വീടിന്റെ ഗേറ്റിന് സമീപം എത്തിയപ്പോൾ ഇവരെ ആക്രമിച്ച് പിൻസീറ്റിൽ ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗുമായി ഇയാൾ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.
ബാഗിനുള്ളിൽ പണം കൂടാതെ വീട്ടമ്മയുടെ വീടിന്റെ ആധാരവും ഉണ്ടായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആധാരം വീടിന്റെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെടുക്കുകയും, ഒളിവിലായിരുന്ന ജിമ്മിയെ ചങ്ങനാശ്ശേരിയിൽ നിന്ന് പിടികൂടുകയുമായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ്.ഇ, എസ്.ഐ മാരായ ബോബി വർഗീസ്, ഷാജി, എ.എസ്.ഐ സാബു, സി.പി.ഓ മാരായ അനീഷ് ജോൺ, സത്താർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.